പൊലീസ് സ്റ്റേഷനുകളിലെ തൊണ്ടിമുറികള്‍ 'സ്മാര്‍ട്ട്' ആകുന്നു

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുറികള്‍ സ്മാര്‍ട്ടാകുന്നു. കേസുകളില്‍ തൊണ്ടിയായി പിടിച്ചെടുക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്ന മുറികള്‍ മാറാലയും പൊടിയും പിടിച്ച് വൃത്തിഹീനമായി കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിനാണ് ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് തൊണ്ടിമുറികള്‍ സ്മാര്‍ട്ടാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ നടപ്പാക്കിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സ്റ്റേഷനിലും നടപ്പാക്കി. പത്തനംതിട്ട സ്റ്റേഷന്‍ സന്ദര്‍ശനവേളയില്‍ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മൊബൈല്‍ഫോണിലെ ക്യൂ ആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച് ഒരു തൊണ്ടിമുതലിലെ കോഡ് കേസിന്റെ നമ്പര്‍, കുറ്റച്ചുരുക്കം, കോടതിയുടെപേര്, കേസിന്റെ നിലവിലെ അവസ്ഥ തുടങ്ങിയ വിശദാംശങ്ങള്‍ ക്രൈം ഡ്രൈവ് ലിങ്ക് മുഖേന ലഭ്യമാകും. തൊണ്ടി മുതലുകള്‍ കോടതികളില്‍ വിചാരണവേളയില്‍ എത്തിക്കാന്‍ കഴിയും.
കേസ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തൊണ്ടിമുതലുകളില്‍ പതിക്കുന്ന ലേബലുകള്‍ കാലപ്പഴക്കം കാരണം നശിച്ച് തിരിച്ചറിയാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഇതിനു പരിഹാരമായാണ് 'സ്മാര്‍ട്ട് തൊണ്ടിമുറി' എന്ന ആശയം നടപ്പാക്കുന്നത്.പൊലീസ് സൈബര്‍ സെല്‍ എ.എസ്.ഐ അരവിന്ദാക്ഷന്‍ നായര്‍, ശ്രീകുമാര്‍, അനൂപ് മുരളി, കോന്നി സ്റ്റേഷനിലെ എ.എസ്.ഐ ബിനു എന്നിവര്‍ അടങ്ങിയ ടീമാണ് ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുറികള്‍ സ്മാര്‍ട്ടാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍