പമ്പയില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്ത സംഭവത്തില്‍ ദുരൂഹത: വനംവകുപ്പിനെതിരെ നടപടിക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: പമ്പയില്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിക്കുന്ന വാട്ടര്‍ കിയോസ്‌കുകളുടെ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് വനംവകുപ്പുമായി വീണ്ടും ബോര്‍ഡ് ഏറ്റുമുട്ടലിലേയ്ക്ക്. തൂണുകള്‍ തകര്‍ത്തത് വനംവകുപ്പാണെന്ന് ആരോപിച്ച് ബോര്‍ഡ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. വിഷയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പമ്പ സി.ഐയ്ക്കും പരാതി നല്‍കി. ഹൈക്കോടതിയിലും അറിയിക്കും. ശബരിമലയിലെ ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വനംവകുപ്പ് സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ ഇരുവിഭാഗവും ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തൂണുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം, തൂണുകള്‍ തകര്‍ത്തത് തങ്ങളാണെന്ന ആരോപണം വനംവകുപ്പ് നിഷേധിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ട്. തീര്‍ത്ഥാടന കാലത്ത് കടകള്‍ക്കായി വിട്ടുനല്‍കിയ സ്ഥലത്ത് കോണ്‍ക്രീറ്റ് നിര്‍മ്മാണം നടത്തുന്നതിനോട് നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പമ്പയില്‍ നിന്ന് വനത്തിനുള്ളിലൂടെ സന്നിധാനത്തേക്ക് റോപ് വേ നിര്‍മ്മിക്കുന്നതടക്കം വലിയ പദ്ധതികള്‍ വനംവകുപ്പ് സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ പ്രളയ കാലത്ത് പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണങ്ങള്‍ക്ക് സൗജന്യമായി വിട്ടുനല്‍കണമെന്ന മന്ത്രിസഭാ തീരുമാനവും നടപ്പായില്ല. പാസുമായി ചെന്നിട്ടും വനപാലകര്‍ മണല്‍ വിട്ടുകൊടുത്തില്ലെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു. ഈ വര്‍ഷത്തെ മഴയില്‍ പമ്പയിലെ എഴുപത് ശതമാനത്തോളം മണല്‍ നദിയിലേക്ക് ഒലിച്ചുപോകുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍