ആറന്മുളയില്‍ പൈതൃക ടൂറിസത്തിന് പ്രാധാന്യം നല്‍കും: മന്ത്രി കടകംപള്ളി

 ആറന്മുള: ഉത്രട്ടാതി ജലമേള ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സത്രക്കടവില്‍ ആറന്മുള ഉത്രട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ടൂറിസം കലണ്ടറില്‍ ഇടംനേടിയ ആറന്മുള വള്ളംകളിയെ തനിമ നഷ്ടപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ആറന്മുളയില്‍ പൈതൃക ടൂറിസത്തിനു പ്രാധാന്യം നല്‍കുന്നിന് ആവശ്യമായ നടപടികള്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിച്ചു.കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ക്ക് രാമപുരത്ത് വാര്യര്‍ അവാര്‍ഡ് മന്ത്രി രാജു സമ്മാനിച്ചു. വഞ്ചിപ്പാട്ട് ആചാര്യന്‍ മേലുകര ശശിധരന്‍ നായരെ ആന്റോ ആന്റണി എംപി ആദരിച്ചു. മുഖ്യശില്പി അയിരൂര്‍ സതീഷ് ആചാരിയെ വീണാ ജോര്‍ജ് എംഎല്‍എ ആദരിച്ചു. എംഎല്‍എമാരായ രാജു ഏബ്രഹാം, സജി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിയോട യുവശില്പി വിഷ്ണു വേണു ആചാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍