വെടിനിറുത്തല്‍ കരാര്‍ പാലിക്കണമെന്ന് ഇന്ത്യ: ആണവ യുദ്ധ ഭീഷണിയുമായി ഇമ്രാന്‍

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ ഈ വര്‍ഷം 2050 തവണ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചെന്നും അതില്‍ 21 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാക് സൈന്യം വെടിവച്ചത്. 2003ലെ വെടിനിറുത്തല്‍ കരാര്‍ പാലിച്ച് അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും സമാധാനവും ശാന്തിയും നിലനിറുത്തണെന്നും അതിര്‍ത്തിയിലെ ജനങ്ങളെ ഉന്നമിടുന്നത് പാക് സൈന്യം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.അതേസമയം, ഇന്ത്യയുമായി ഒരു പരമ്പരാഗത യുദ്ധത്തില്‍ തോല്‍ക്കുന്ന ഘട്ടം വന്നാല്‍ പാകിസ്ഥാന്‍ ആണവായുധം പ്രയോഗിച്ചേക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൂചിപ്പിച്ചു. രണ്ട് ആണവായുധ രാജ്യങ്ങള്‍ യുദ്ധം ചെയ്താന്‍ അത് ആണവയുദ്ധത്തില്‍ കലാശിക്കാമെന്നും അല്‍ജസീറ ടെലിവിഷന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഇമ്രാന്‍ പറഞ്ഞു. മൂന്നാം തവണയാണ് ഇമ്രാന്‍ ആണവയുദ്ധത്തെ പറ്റി മുന്നറിയിപ്പ് നല്‍കുന്നത്.
നിയന്ത്രണ രേഖയിലെ നികിയാല്‍, ജന്ദ്രോത്ത് സെക്ടറുകളില്‍ ശനിയാഴ്ച ഇന്ത്യന്‍ സേന വെടിനിറുത്തല്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാന്‍ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പാകിസ്ഥാന്റെ വെടിനിറുത്തല്‍ ലംഘനങ്ങളുടെ കണക്ക് നിരത്തിയത്.അതിര്‍ത്തിയിലെ പാക് സൈന്യത്തിന്റെ പ്രകോപനങ്ങളോട് ഇന്ത്യ സംയമനം പാലിക്കുകയാണെന്നും ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ പാക് സൈന്യം സഹായം ചെയ്യുകയാണെന്നും രവീഷ് കുമാര്‍ പറഞ്ഞു. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശലംഘനം നടത്തുന്നു എന്ന് തുടങ്ങി ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പാകിസ്ഥാന്‍ യു.എന്‍ സമ്മേളനത്തിലും ഉന്നയിച്ചിരുന്നു.താന്‍ സമാധാന കാംക്ഷിയാണെങ്കിലും ഇന്ത്യയുമായി ഒരു യുദ്ധത്തിനുള്ള എല്ലാ സാദ്ധ്യതയുമുണ്ടെന്ന് വിശ്വസിക്കുന്നു എന്നാണ് ഇമ്രാന്‍ അല്‍ജസീറയോട് പറഞ്ഞത് . ഇന്ത്യയുമായുള്ള പരമ്പരാഗത യുദ്ധത്തില്‍ പാകിസ്ഥാന്‍ തോല്‍ക്കാനാണ് സാദ്ധ്യത. കീഴടങ്ങലിനും പോരാട്ടത്തിനും ഇടയിലാണ് രാജ്യം എത്തുന്നതെങ്കില്‍, എനിക്കറിയാം, പാകിസ്ഥാനികള്‍ അവരുടെ സ്വാതന്ത്യത്തിനുവേണ്ടി മരണം വരെ പോരാടുന്നവരാണ്. തീര്‍ച്ചയായും ആണവായുധ ശേഷിയുള്ള ഒരു രാജ്യം അതിന്റെ അന്ത്യം വരെ അല്ലെങ്കില്‍ മരണം വരെ പോരാടുക എന്ന് പറഞ്ഞാല്‍ അതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും എന്നാണ് അര്‍ത്ഥം.അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമായി ഒതുങ്ങില്ല. അതുകൊണ്ടാണ് സമാധാനത്തിന് വേണ്ടി കാശ്മീര്‍ പ്രശ്‌നത്തില്‍ ഞാന്‍ യു.എന്നിലും മറ്റ് അന്താരാഷ്ട്ര വേദികളിലും എത്തുന്നത്. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് ഞാന്‍ ശ്രമിച്ചു. എന്നാല്‍ പാകിസ്ഥാനെ സാമ്പത്തികമായി പാപ്പരാക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അങ്ങനെയാണ് ഞാന്‍ പിന്മാറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍