മട്ടന്നൂര്‍: കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഒരു വര്‍ഷത്തിനകം മട്ടന്നൂര്‍ ഗവ. സ്പെഷ്യാലിറ്റി ആശുപത്രി യാഥാര്‍ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണപ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടകസമിതി രൂപവല്ക്കരണയോഗം മട്ടന്നൂര്‍ നഗരസഭ മൃഗാശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ട പ്രവര്‍ത്തനത്തിന് 71.50 കോടി രൂപ ചെലവഴിക്കുന്നതിന് കിഫ്ബി രണ്ടു മാസം മുമ്പാണ് അംഗീകാരം നല്‍കിയത്. മട്ടന്നൂര്‍ കോടതിക്ക് സമീപം പഴശി ജലസേചന പദ്ധതിയില്‍ നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നത്. കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായതോടെ ആധുനിക ചികിത്സ ലഭ്യമാകുന്ന ആശുപത്രികൂടി ആരംഭിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.പുരുഷോത്തമന്, കണ്ണൂര്‍ ഡിഎംഒ ഡോ.നാരായണ നായിക്, ഡോ. ഷാജ്, ഡോ.സുഷമ, കെ.ഭാസ്കരന്, കെ.ടി.ചന്ദ്രന്, എം.രാജന്, സീനാ ഇസ്മായില്‍, ഡോ. ലതീഷ്, എം.കെ.നജ്മ, കെ.ശ്രീധരന്, കെ.പി.രമേശന്, എം.റോജ, പി.പ്രസീന, കെ.പി.ജോസ്, ടി. കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു ചെയര്‍മാനായും പി.പുരുഷോത്തമന് ജനറല്‍ കണ്‍വീനറായും 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയായി സംഘാടക സമിതി രൂപീകരിച്ചു.
0 അഭിപ്രായങ്ങള്‍