തട്ടിപ്പു വീരന്മാരെക്കൊണ്ട് പൊറുതിമുട്ടി ബാങ്കുകള്‍

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ (2019-20) ആദ്യപാദമായ ഏപ്രില്‍ ജൂണില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പു കേസുകള്‍ 2,480. തട്ടിപ്പിന്റെ മൂല്യം 31,898.63 കോടി രൂപ. വിവരാവകാശ പ്രകാരം റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞപാദത്തിലെ മൊത്തം തട്ടിപ്പില്‍ 38 ശതമാനവും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയിലാണ്.12,012.77 കോടി രൂപ മൂല്യം വരുന്ന 1,197 കേസുകള്‍ ഇക്കാലയളവില്‍ എസ്.ബി.ഐ റിപ്പോര്‍ട്ട് ചെയ്തു. 2,855.46 കോടി രൂപയുടെ 381 കേസുകളുമായി അലഹബാദ് ബാങ്കാണ് രണ്ടാമത്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് മൂന്നാമത്. കേസുകള്‍ 99. മൂല്യം 2,526.55 കോടി രൂപ. അതേസമയം, പൊതുമേഖലാ ബാങ്കുകള്‍ ഏതുതരം തട്ടിപ്പുകളാണ് നേരിട്ടതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.2018-19ല്‍ ഇന്ത്യയിലെ ബാങ്കുകളില്‍ തട്ടിപ്പു കേസുകള്‍ 15 ശതമാനം വര്‍ദ്ധിച്ചുവെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. തട്ടിപ്പുമൂല്യത്തിലുണ്ടായ വര്‍ദ്ധന 73.8 ശതമാനവുമാണ്. 6,801 കേസുകളിലായി 71,542.93 കോടി രൂപയുടെ തട്ടിപ്പാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത്. 2017-18ല്‍ കേസുകള്‍ 5,916 എണ്ണവും മൂല്യം 41,167.04 കോടി രൂപയുമായിരുന്നു.
കഴിഞ്ഞവര്‍ഷത്തെ മൊത്തം തട്ടിപ്പുകേസുകളില്‍ 3,766 എണ്ണവും നടന്നത് പൊതുമേഖലാ ബാങ്കുകളിലാണ്. മൂല്യം 64,509.43 കോടി രൂപ. തൊട്ടുമുന്‍ വര്‍ഷത്തെ 2,885 കേസുകളില്‍ നിന്നും 38,260.8 കോടി രൂപയില്‍ നിന്നുമാണ് ഈ കുതിപ്പ്. സ്വകാര്യ ബാങ്കുകളും വിദേശ ബാങ്കുകളും തട്ടിപ്പില്‍ നിന്ന് മുക്തമായിരുന്നില്ല. ഡെബിറ്റ്/എ.ടി.എം കാര്‍ഡ്, ഇന്റര്‍നെറ്റ് എന്നിവയെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷത്തെ മൊത്തം തട്ടിപ്പില്‍ മുന്തിയപങ്കും വായ്പാ വിഭാഗത്തിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍