കൊല്ലം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ മികച്ച ജനസേവന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കിയെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചണ്ണപ്പേട്ടയില്‍ പുതിയ വില്ലേജ് ഓഫീസ് മന്ദിര സമര്‍പ്പണവും കുട്ടിനാട് ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ആധുനീകരിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലൂടെ സേവനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം വേഗത്തിലാക്കാനും കഴിഞ്ഞു. 900 നടുത്ത് ഓഫീസുകളാണ് 113 കോടി രൂപ ചെലവഴിച്ച് മെച്ചപ്പെടുത്തിയത്. സ്വന്തമായി കെട്ടിടം ഇല്ലാത്തയിടങ്ങളില്‍ പുതിയവ നിര്‍മിച്ചും മറ്റുള്ളവ നവീകരിച്ചും ചുറ്റുമതില്‍ ഇല്ലാത്തയിടങ്ങളില്‍ അവ നിര്‍മിച്ചുമാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.ഭൂരഹിതരില്ലാത്ത കേരളം സാക്ഷാത്കരിക്കുന്നതിനായി അര്‍ഹതയുള്ളവര്‍ക്കെല്ലാം പട്ടയം നല്‍കുകയാണ്. കുട്ടിനാട് മേഖലയിലെ കുടികിടപ്പുകാര്‍ക്ക് ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയം നല്‍കിയാണ് ലക്ഷ്യം കൈവരിക്കുന്നത്. വിചാരണയ്ക്ക് ഹാജരാകാത്ത രണ്ടു പേരുടെ കേസുകള്‍ വിചാരണ നടത്തി പരിഹരിക്കും എന്ന ഉറപ്പും അദ്ദേഹം നല്‍കി.
മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹംസ, മറ്റു ജനപ്രതിനിധികള്‍, എഡിഎംപി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ഡിഒ ബി രാധാകൃഷ്ണന്‍, തഹസില്‍ദാര്‍ ജി നിര്‍മല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തലവൂര്‍ വില്ലേജ് ഓഫീസ് മന്ദിരത്തിന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ശിലയിട്ടു. പത്തനാപുരം നിയോജക മണ്ഡലത്തില്‍ മാത്രം ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഓഫീസ് ആധുനീകരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ എല്ലാ വീടുകളുടേയും താക്കോല്‍ ഓണത്തിന് കൈമാറും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സുനിത രാജേഷ്, മറ്റു ജനപ്രതിനിധികള്‍, എഡിഎം പി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ഡിഒ ബി.രാധാകൃഷ്ണന്‍, തഹസീല്‍ദാര്‍ കെ.ആര്‍ മിനി തുടങ്ങിയവര്‍ പങ്കെടുത്തു.