ശാസ്ത്രജ്ഞനോ സംഗീതജ്ഞനോ ആവാനല്ല, യൂട്യൂബര്‍ ആവാനാണിപ്പോള്‍ അമേരിക്കയിലെ കുട്ടികള്‍ക്ക് താല്‍പര്യം

അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ പുതിയ കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിക്കുന്നുണ്ട്. 1969ല്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനായി ചരിത്രം സൃഷ്ടിച്ച് ഒരുപാട് പേര്‍ക്ക് പ്രചോദനമായി. എങ്കില്‍ 50 വര്‍ഷത്തിനിപ്പുറം, അമേരിക്കയിലെ കുരുന്നുകള്‍ക്ക് ബഹിരാകാശ ഗവേഷണങ്ങളിലോ, സംഗീതത്തിലോ കായിക മേഖലയിലോ അല്ല, യൂട്യൂബര്‍ ആവാനാണ് താല്‍പര്യം. ലെഗോയുടെ ഭാഗമായി ഹാരീസ് പോള്‍ സംഘം നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. യു.കെയിലെയും യു.എസിലെയും കുട്ടികളില്‍ കൂടുതല്‍ പേരും വ്‌ളോഗര്‍ ആവാന്‍ താല്‍പര്യപ്പെടുമ്പോള്‍ ചൈനയിലെ കുട്ടികള്‍ക്ക് ബഹിരാകാശത്തില്‍ പോകാനാണ് താല്‍പര്യം. എട്ട് മുതല്‍ 12 വയസ് വരെയുള്ള 3000 കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ അഞ്ച് തൊഴിലുകള്‍ നല്‍കി ഇതില്‍ ഏതാവാനാണ് കൂടുതല്‍ താല്‍പര്യമെന്ന് ഹാരീസ് പോള്‍ ചോദിക്കുകയായിരുന്നു. ബഹിരാകാശ ശാസ്ത്രജ്ഞന്‍, സംഗീതജ്ഞന്‍, കായിക താരം, അധ്യാപകന്‍, വ്‌ളോഗര്‍ എന്നിങ്ങനെയായിരുന്നു അഞ്ച് ജോലികള്‍. നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സര്‍വെ സംഘടിപ്പിച്ചത്. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിലെ കുട്ടികളുടെ ചിന്തകളിലെ മാറ്റങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏവരിലും ചെലുത്തുന്ന സ്വാധീനത്തെ വരച്ചുകാട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍