തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കു കേന്ദ്രനിയമ ഭേദഗതി പ്രകാരമുള്ള വന്‍ പിഴത്തുക കുറയ്ക്കാനായി കേന്ദ്ര ഉത്തരവ് കാത്ത് സംസ്ഥാന സര്‍ക്കാര്‍. ഉയര്‍ന്ന പിഴയുമായി ബന്ധപ്പെട്ടു രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പിഴത്തുക സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം വാക്കാല്‍ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയില്ല. ഉത്തരവു ലഭിക്കും വരെ ഉയര്‍ന്ന പിഴ ഈടാക്കാതെ ബോധവത്കരണം മാത്രം നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം. നിയമം നടപ്പാക്കുന്നതിനു കേന്ദ്ര ഉത്തരവ് ലഭിക്കാനായി കാത്തിരിക്കുകയാണെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. പുതിയ ഉത്തരവുലഭിച്ച് അതേക്കുറിച്ചു പഠിച്ചതിനു ശേഷമേ നടപ്പാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് അനുകൂല ഉത്തരവു ലഭിച്ചാല്‍ പിഴത്തുക 40 മുതല്‍ 60 ശതമാനം വരെ കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം, മദ്യപിച്ചു വാഹനമോടിക്കല്‍, അപകടകരമായ തരത്തില്‍ വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ കുറയ്ക്കേണ്ടെതില്ലെന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാര്‍. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യാനുള്ള പിഴ തുക 1,000 എന്നത് 500 രൂപയാക്കി കുറച്ചേക്കും. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീര്‍ന്ന് ഒരു ദിവസം കഴിഞ്ഞു പിടിക്കപ്പെട്ടാല്‍ 10,000 രൂപ ഈടാക്കാനാണു കേന്ദ്രനിയമം നിര്‍ദേശിക്കുന്നത്. ഇതും കുറയ്ക്കുമെന്നാണു വിവരം. ലൈസന്‍സ് ഒരു വര്‍ഷത്തിനകം പുതുക്കിയില്ലെങ്കില്‍ വീണ്ടും ടെസ്റ്റ് വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവു വന്നേക്കും. പ്രവാസികള്‍ക്കു വന്‍ തിരിച്ചടിയാകുന്ന ഭേദഗതി ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ആലോചന.ലൈസന്‍സ് കാലാവധി കഴിഞ്ഞാല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചശേഷം പ്രവാസികള്‍ നാട്ടിലെത്തി പുതുക്കുന്നതാണു പരിഗണിക്കുന്നത്. കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ചു പഠിക്കാന്‍ ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാലിനെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും അന്തിമ നടപടി. അതേസമയം, മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം പിഴ നിരക്കുകള്‍ കുത്തനേ കൂട്ടിയതില്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിനു തീരുമാനിച്ചിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍