കൊല്ലം, എറണാകുളം സൗത്ത്, തൃശൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളും രാജ്യാന്തര പദവിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നാലു റെയില്‍വേ സ്റ്റേഷനുകള്‍ കൂടി രാജ്യാന്തര പദവിയിലേക്ക് ഉയര്‍ത്താന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ തീരുമാനം. കൊല്ലം, എറണാകുളം സൗത്ത്, തൃശൂര്‍, കോഴിക്കോട് എന്നീ സ്റ്റേഷനുകളാണു രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അറിയിച്ചത്. രാജ്യത്തെ 99 റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പട്ടികയിലാണ് കേരളത്തിലെ നാലു സ്റ്റേഷനുകളും ഉള്‍പ്പെട്ടത്. എന്നാല്‍, പുതിയ ട്രെയിനുകള്‍, അധിക സ്റ്റോപ്പുകള്‍, സര്‍വീസ് ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയ കേരളത്തിന്റെ പൊതു ആവശ്യങ്ങളോട് റെയില്‍വേ അനുകൂല നിലപാട് സ്വീകരിച്ചില്ല. നിലമ്പൂര്‍ വയനാട്‌നഞ്ചന്‍കോട് പാതയ്ക്കായുള്ള സര്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡ് ഇനിയും അനുമതി നല്‍കിയിട്ടില്ല. പരിമിതികള്‍ ചൂണ്ടിക്കാട്ടി, കേരളത്തിന് കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവും റെയില്‍വേ തള്ളി. കൊച്ചുവേളിയില്‍ അവസാനിക്കുന്ന ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും തിരുവനന്തപുരം സ്റ്റേഷന്റെ പരിമിതി മൂലം സാധ്യമല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.നേമം സെക്കന്‍ഡ് ടെര്‍മിനല്‍ പദ്ധതിയുടെ വിശദപദ്ധതി രേഖ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും സാധ്യമാകും വേഗത്തില്‍ പ്രാവര്‍ത്തികമാകുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നില്‍ സുരേഷിനെ അറിയിച്ചു. ഗുരുവായൂര്‍പുനലൂര്‍ പാസഞ്ചര്‍ ഇന്റര്‍സിറ്റിയായി മധുരയിലേക്ക് നീട്ടണമെന്ന ആവശ്യം റെയില്‍വേ തള്ളി. ധന്‍ബാദ്ആലപ്പുഴ എക്‌സ്പ്രസ്, പൂനഎറണാകുളം എക്‌സ്പ്രസ്, അജ്മീര്‍എറണാകുളം എക്‌സ്പ്രസ് എന്നിവ കൊല്ലത്തേക്ക് നീട്ടണമെന്നും എംപിമാര്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് കൊല്ലത്ത് മതിയായ സൗകര്യമില്ലാത്തതിനാല്‍ ഇപ്പോള്‍ സാധ്യമല്ലെന്നായിരുന്നു റെയില്‍വേയുടെ മറുപടി. ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു. നിലവില്‍ കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും 30 ഓളം ട്രെയിനുകളുണ്ട്. ഷൊര്‍ണൂര്‍എറണാകുളം മൂന്നാം പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അനുമതിയുണ്ട്. ഷൊര്‍ണൂര്‍ പാലക്കാട് ലൈന്‍ മൂന്നുവരിയാക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍