ലോഹ ഉത്ഖനനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി സൗദി

സൗദി :സൗദി അറേബ്യയില്‍ സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയുടെ ഉത്പാദനം വര്‍ധിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം പതിമൂന്ന് ടണ്ണിനടുത്ത് സ്വര്‍ണം ഉത്ഖനനം ചെയ്‌തെടുത്തെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെമ്പിന്റെ ലഭ്യത സര്‍വകാല റെക്കോര്‍ഡും ഭേദിച്ചതായാണ് കണക്കുകള്‍.ലോകത്ത് ഏറ്റവും കൂടുതല്‍ കരുതല്‍ സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 14ആം സ്ഥാനത്താണ് സൗദി അറേബ്യ. രാജ്യത്ത് ഓരോ മണിക്കൂറിലും 1.47 കിലോഗ്രാം സ്വര്‍ണം ഉത്പാദിപ്പിക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക്. 12.91 ടണ്‍ സ്വര്‍ണമാണ് ഇങ്ങിനെ ഒരു വര്‍ഷം ലഭിച്ചത്. 2017 വര്‍ഷം ആകെ ലഭിച്ച സ്വര്‍ണം 10.33 ടണ്‍ ആയിരുന്നു. 2016ലാവട്ടെ ഇത് കേവലം 6.94 ടണ്‍ മാത്രമായിരുന്നു. അതായത് 2016 ല്‍ ആകെ ലഭിച്ച സ്വര്‍ണത്തേക്കാള്‍ ഇരട്ടി വര്‍ദ്ധനവാണ് 2018 ല്‍ രേഖപ്പെടുത്തിയത്. വെള്ളിയുടെയും ചെമ്പിന്റെയും ഉത്പാദന കാര്യത്തിലും രാജ്യത്തു കഴിഞ്ഞ വര്‍ഷം വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2017 ല്‍ കുഴിച്ചെടുത്ത വെള്ളിയുടെ അളവ് 5069 കിലോഗ്രാം ആയിരുന്നെങ്കില്‍ 2018 ലിത് 5760 കിലോഗ്രാമായി ഉയര്‍ന്നു. 13.63 ശതമാനമാണ് വളര്‍ച്ച.എന്നാല്‍ ചെമ്പിന്റെ ഉത്പാദനത്തിലാണ് രാജ്യം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ കഴിഞ്ഞ വര്‍ഷം 251 ശതമാനമാണ് ചെമ്പിന്റെ ഉത്പാദനം. 2,35,000 ടണ്‍ ചെമ്പാണ് 2018 ല്‍ മാത്രം രാജ്യത്ത് ഉത്പാദിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍