കശ്മീരില്‍ സാധാരണ നില വരണം, നടപടികള്‍ കേന്ദ്രം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സ്ഥിതി സാധാരണ നിലയിലാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജമ്മുകശ്മീര്‍ ഭരണകൂടത്തോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ദേശീയ താത്പര്യം പരിഗണിച്ചായിരിക്കണം നിയന്ത്രണങ്ങള്‍ നീക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.സെപ്തംബര്‍ 30ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. സ്ഥിതി സാധാരണ നിലയിലാക്കാന്‍ ഇതുവരെയെടുത്ത നടപടികള്‍ വിശദമാക്കി കേന്ദ്രം സത്യവാങ്മൂലം നല്‍കണം. മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി പരിഗണിക്കുന്നതാണ് ഉചിതം. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് കുറച്ചുകൂടി വ്യക്തമായി അറിയാന്‍ ഹൈക്കോടതിക്കാണ് സാധിക്കുകയെന്നും ബെഞ്ച് നിരീക്ഷിച്ചു. പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി കാശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. മൊബൈലും ഇന്റര്‍നെറ്റും പൊതുഗതാഗത സംവിധാനവും പ്രവര്‍ത്തിക്കാത്തതിനാല്‍ ഹൈക്കോടതിയെ സമീപിക്കുന്നത് പ്രയാസകരമാണെന്ന് അനുരാധയ്ക്ക് വേണ്ടി അഭിഭാഷക വൃന്ദഗ്രോവര്‍ ചൂണ്ടിക്കാട്ടി. കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്ന പല കാര്യങ്ങളും തെറ്റാണെന്ന് കേന്ദ്രം വാദിച്ചു. കശ്മീര്‍ മേഖലയിലെ 105 പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലെ 93ലും നിയന്ത്രണങ്ങള്‍ നീക്കി. ജമ്മുവിലും ലഡാക്കിലും പൂര്‍ണമായും നിയന്ത്രണങ്ങള്‍ നീക്കി. മരുന്നുകള്‍ ലഭിക്കുന്നില്ലെന്നതും ശരിയല്ല. മൂന്നുമാസത്തേക്കുള്ള അത്യാവശ്യ മരുന്നുകള്‍ സ്റ്റോക്കുണ്ട്. ആഗസ്റ്റ് 5 മുതല്‍ സെപ്തംബര്‍ 15 വരെ 10.52 ലക്ഷം പേര്‍ വിവിധ ആശുപത്രികളിലെ ഒ.പി.ഡികളില്‍ ചികിത്സ തേടി. തുടര്‍ന്ന്, ഇപ്പോള്‍ നിങ്ങളെ വിശ്വസിക്കുകയാണെന്നു പറഞ്ഞ കോടതി സ്ഥിതി സാധാരണനിലയിലാക്കാന്‍ എടുത്ത നടപടികള്‍ വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.കശ്മീരില്‍ മാദ്ധ്യമ നിയന്ത്രണമുണ്ടെന്ന അനുരാധി ബാസിന്റെ വാദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇത്തരം പരാതികള്‍ തെറ്റാണെന്നും കശ്മീരില്‍ നിരവധി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ശ്രീനഗറില്‍ മീഡിയ സെന്റര്‍ സ്ഥാപിച്ചു. രാവിലെ 8 മുതല്‍ രാത്രി 11 വരെ റിപ്പോര്‍ട്ടര്‍മാര്‍ക്കായി ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യം ലഭ്യമാക്കി. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് സഞ്ചരിക്കാന്‍ പാസും നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍