യുദ്ധം പരിഹാരമാര്‍ഗമല്ലെന്നു പാക് വിദേശകാര്യമന്ത്രി

ഇസ്‌ലാമാബാദ്: കശ്മീര്‍ പ്രശ്‌നത്തില്‍ യുദ്ധം പരിഹാരമാര്‍ഗമല്ലെന്നു പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ജമ്മു കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെത്തുടര്‍ന്ന് പാക് നേതാക്കള്‍ ഇന്ത്യക്കെതിരേ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്നതിനിടെയാണു ഖുറേഷിയുടെ വേറിട്ട സ്വരം. ഇന്ത്യയുമായി ആണവയുദ്ധത്തിനു സാധ്യതയുണ്ടെന്നു പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര വത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇമ്രാന്‍ ഇങ്ങനെ പറഞ്ഞത്. ഇതില്‍നിന്നു വ്യത്യസ്തമായാണ് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. പാക്കിസ്ഥാന്‍ ഒരിക്കലും പ്രകോപനപരമായ നിലപാട് എടുത്തിട്ടില്ലെന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ബിബിസി ഉറുദു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഖുറേഷി പറഞ്ഞു. കശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്കുള്ള സാധ്യതകളെ പാകിസ്ഥാന്‍ തള്ളിയിട്ടില്ല. ചര്‍ച്ചക്കുള്ള അന്തരീക്ഷം ഇന്ത്യ സാധ്യമാക്കുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നിലപാടെടുത്തതിനു പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രസ്താവന. തീവ്രവാദവും അക്രമവും ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ യൂറോപ്യന്‍ യൂണിയനെ അറിയിച്ചിരുന്നു. കശ്മീര്‍ വിഷയം ആഭ്യന്തര കാര്യമാണെന്ന നിലപാടും ഇന്ത്യ ആവര്‍ത്തിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍