റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: റോഡപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്ന ഭയത്താല്‍ പലരും ഇതിന് മടിക്കുന്നു. ഇതിന് മാറ്റമുണ്ടാവുന്നതോടെ പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കനിവ് 108 സൗജന്യ ആംബുലന്‍സ് സേവനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സഹജീവി സ്‌നേഹം ഉയര്‍ത്തിപ്പിടിച്ച് പൊതുജനം സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ട്രോമകെയര്‍ സംവിധാനവുമായി സഹകരിക്കണം. സമയനഷ്ടമില്ലാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കും വിധമാണ് സര്‍ക്കാര്‍ സമഗ്ര ട്രോമ കെയര്‍ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. സൗജന്യ ആംബുലന്‍സ് ശൃംഖലയ്‌ക്കൊപ്പം അടിയന്തരചികിത്സ ഫലപ്രദമായി നല്‍കാനാവുംവിധം സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, 48 മണിക്കൂറിനകം സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്‌മെന്റ് പാക്കേജ്, പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനുള്ള ബോധവത്കരണവും പരിശീലനവും തുടങ്ങി നിരവധി ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 315 ആംബുലന്‍സുകളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 101 ആംബുലന്‍സുകള്‍ വിന്യസിക്കും. ഒക്‌ടോബര്‍ മുതല്‍ പദ്ധതി പൂര്‍ണ പ്രവര്‍ത്തനം ആരംഭിക്കും. സ്ഥിരമായി അപകടം നടക്കുന്ന ബ്‌ളാക്ക് സ്‌പോട്ടുകളിലാവും ആംബുലന്‍സുകള്‍ വിന്യസിക്കുക. 108 എന്ന സൗജന്യ നമ്പറില്‍ വിളിച്ചും മൊബൈല്‍ ആപ്പ് മുഖേനയും ആംബുലന്‍സിന്റെ സേവനം തേടാനാവും. 70 എമര്‍ജന്‍സി റെസ്‌പോണ്‍സ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കാള്‍ സെന്റര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ആരോഗ്യ വകുപ്പിനൊപ്പം റവന്യു, പോലീസ്, ഗതാഗത വകുപ്പുകളും സഹകരിച്ചു പ്രവര്‍ത്തിക്കും. തെലങ്കാനയിലെ ജിവികെ എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനാണ് നടത്തിപ്പ് ചുമതല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പദ്ധതി ഏകോപനം നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റവും ഫ്‌ളാഗ് ഓഫും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.വാഹനാപകട മരണനിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍