രാഹുല്‍ എന്തു പറഞ്ഞാലും പാകിസ്ഥാനില്‍ കൈയടി: ഷാ

സില്‍വാസ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിക്ക് എതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന പാകിസ്ഥാനെ പിന്തുണയ്ക്കുന്നതാണെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ രൂക്ഷ വിമര്‍ശനം. രാഹുലിന്റെ പ്രതികരണത്തിന് പാകിസ്ഥാനില്‍ പ്രശംസയാണ്. രാഹുല്‍ എന്തു പറഞ്ഞാലും ഇപ്പോള്‍ പാകിസ്ഥാന്‍ കൈയടിക്കും. കശ്മീര്‍ വിഷയത്തില്‍ ഐക്യാരാഷ്ട്ര സംഘടനയ്ക്കു നല്‍കിയ പരാതിയില്‍ പാകിസ്ഥാന്‍ രാഹുലിന്റെ പ്രസ്താവന ഉപയോഗപ്പെടുത്തിയതോര്‍ത്ത് അദ്ദേഹം ലജ്ജിക്കണമെന്നും ഷാ പറഞ്ഞു. ദാദ്രാ നഗര്‍ഹവേലിയില്‍ പൊതുചടങ്ങിനിടെയായിരുന്നു കോണ്‍ഗ്രസിനും രാഹുലിനുമെതിരെ അമിത് ഷായുടെ ആക്രമണം. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്റെ പ്രസ്താവന രാജ്യത്തിനെതിരെ പാകിസ്ഥാന്‍ ഉപയോഗിക്കുന്നത് അവരുടെ പാര്‍ട്ടിക്കു തന്നെ നാണക്കേടാണ്. കാശ്മീര്‍ വിഷയം ഉന്നയിച്ച് കഴിഞ്ഞ ദിവസം യു.എന്നിന് നല്‍കിയ കത്തില്‍ രാഹുലിന്റെ അഭിപ്രായം തങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന പാക് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരിയുടെ വെളിപ്പെടുത്തല്‍ ഓര്‍മ്മിപ്പിച്ച് ഷാ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന 370ാം ഭരണഘടനാ അനുച്ഛേദം റദ്ദാക്കിയ നടപടി സംസ്ഥാനത്തിന് വികസനത്തിലേക്കുള്ള വാതിലുകള്‍ തുറക്കുന്നതാണെന്നും അമിത് ഷാ തുടര്‍ന്നു.കശ്മീരിലെ ക്രമസമാധാന അന്തരീക്ഷത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും, എന്നാല്‍ അവിടെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും സമാധാനം നിറഞ്ഞ അന്തരീക്ഷമാണുള്ളതെന്നും ഷാ പറഞ്ഞു. വെടിയുണ്ടകളോ കണ്ണീര്‍ വാതകമോ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും ആരും ഇതുവരെ കൊല്ലപ്പെട്ടിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍