സോണിയയുടെ വിമര്‍ശനം ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ: സുധീരന്‍

തിരുവനന്തപുരം: ജനകീയ അടിത്തറയില്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്കു ബാദ്ധ്യതയാണെന്ന് കഴിഞ്ഞ ദിവസം എ.ഐ.സി.സി നേതൃയോഗത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നടത്തിയ വിമര്‍ശനത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന പാര്‍ട്ടിയിലെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വി.എം. സുധീരന്റെ ഫേസ്ബുക് പോസ്റ്റ്. ജനനന്മയും പാര്‍ട്ടി താത്പര്യവും അവഗണിച്ച് സ്വന്തം ഗ്രൂപ്പുകളുമായി മുന്നോട്ടു പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് സോണിയയുടേത്. സ്വന്തം ഗ്രൂപ്പിലെ വിജയസാദ്ധ്യതയുള്ളവരെപ്പോലും അവഗണിച്ച് ഇഷ്ടക്കാരെ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതിന്റെ ദുരന്തം എത്രയോ തവണ അനുഭവിച്ചറിഞ്ഞു. വേണ്ടപ്പെട്ടവരല്ലെങ്കില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ത്ഥികളെ തോല്പിക്കാന്‍ മടിക്കാത്ത നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഏല്പിച്ച ക്ഷതങ്ങള്‍ വലുതാണ്. എതിരാളികളുടെ കടുത്ത പ്രചരണങ്ങള്‍ പോലും തെല്ലുമേല്‍ക്കാതെ നല്ല സ്ഥാനാര്‍ത്ഥികള്‍ നിലവിലെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചതും നമുക്ക് കാണാനായിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് കഴിവുള്ളവര്‍ക്കും ജനസ്വീകാര്യതയുള്ളവര്‍ക്കും വിവിധ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കുക, പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് അര്‍ഹതയുള്ള നല്ല പ്രവര്‍ത്തകരെയും നേതാക്കളെയും കൊണ്ടുവരിക എന്നതാണ്. സ്ഥാനത്ത് വരുന്നവരുടെ ഫ്‌ലക്‌സ് കണ്ട് ഇതാരാണെന്ന് ജനങ്ങള്‍ പരിഹാസത്തോടെ ചോദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം സുധീരന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍