ശബരിമല ഭരണം: പ്രത്യേക നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍, സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് മന്ത്രി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിന് വേണ്ടി പ്രത്യേക നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 2007ലെ ദേവപ്രശ്‌നത്തിന് എതിരെ പന്തളം രാജകുടുംബാംഗം രേവതി നാള്‍ പി. രാമവര്‍മ രാജ അന്ന് നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി നാലാഴ്ചയ്ക്ക്‌ശേഷം പരിഗണിക്കാന്‍ മാറ്റിക്കൊണ്ടുള്ള ജസ്റ്റിസ് എന്‍.വി. രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവിലാണ് സംസ്ഥാന നിലപാട് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിലപാട് അറിയിച്ചത്. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ശബരിമല ക്ഷേത്ര ഭരണം. അതേസമയം ശബരിമല മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ക്ഷേത്രങ്ങളിലെയും ഭരണത്തിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് കോടതിയെ അറിയിച്ചതെന്ന് സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സല്‍ ജി.പ്രകാശ് കേരളകൗമുദിയോട് പറഞ്ഞു. അതേസമയം ശബരിമലയില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലഭരണത്തിനായി അതോറിട്ടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വംമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍