ഇറങ്ങിപ്പോകേണ്ടിവരില്ല, മരട് ഫ്‌ളാറ്റുടമകള്‍ക്കു പിന്തുണയുമായി കോടിയേരിയും ചെന്നിത്തലയും

ഇന്നു രാവിലെ നേതാക്കള്‍ ഫ്‌ളാറ്റുടമകളെ സന്ദര്‍ശിച്ചു

മരട്: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നു പൊളിക്കല്‍ ഭീഷണി നേരിടുന്ന മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മരടിലെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചു. നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ക്ക് കോടിയേരി ഉറപ്പ് നല്‍കി. അസാധാരണമായ വിധിയാണ് സുപ്രീം കോടതിയില്‍നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റിലെ താമസക്കാരായ ഉടമകള്‍ കുറ്റം ചെയ്തിട്ടില്ല. നിയമലംഘകരായ കെട്ടിടനിര്‍മാതാക്കള്‍ക്കെതിരെയോ അവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയോ ഒരു നടപടിക്കും സുപ്രീം കോടതി ശിപാര്‍ശ ചെയ്തിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷം മാത്രമാണ് കോടതി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഫ്‌ളാറ്റ് ഉടമകളെ കേള്‍ക്കാന്‍ കോടതി തയാറായില്ല. ഉടമകള്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പം സിപിഎം ഉണ്ടായിരിക്കുമെന്നും കോടിയേരി പറഞ്ഞു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവിശ്യപ്പെട്ടു. മരടലിലെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നേരത്തെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്, സ്ഥലം എംഎല്‍എ എം. സ്വരാജ്, മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജാ എസ്. മേ നോന്‍ തുടങ്ങിയവര്‍ ഫ്‌ളാറ്റിലെത്തി ഉടമകള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. പഞ്ചായത്തായിരുന്ന സമയത്തു തീരദേശ പരിപാലന മേഖല മൂന്നിലാണു (സിആര്‍സെഡ്3 ) മരട് പ്രദേശം ഉള്‍പ്പെട്ടിരുന്നത്. ഇപ്പോള്‍ മരട് നഗരസഭയാണ്. സിആര്‍സെഡ് മൂന്നിലുണ്ടായിരുന്ന പ്രദേശം നിലവില്‍ സിആര്‍സെഡ് രണ്ടിലേക്കു മാറി. ഇതുള്‍പ്പെടെ വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍