തിരുവനന്തപുരം: പോലീസ് സേനാംഗങ്ങളുടെ സ്ഥാനക്കയറ്റത്തി നായി സര്‍വീസ് കാലാവധി കുറയ്ക്കണമെന്നു സംസ്ഥാന പോലീ സ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരുടെയും എസ്‌ഐമാരുടെയും സ്ഥാനക്കയറ്റ കാലാവധി കുറയ്ക്കണമെന്നാണു ഡിജിപിയുടെ ശിപാര്‍ശ. സിവില്‍ പോലീസ് ഓഫിസര്‍മാര്‍ക്ക് 12 വര്‍ഷം കഴിയുമ്പോള്‍ സീനിയര്‍ പോലീസ് ഓഫീസര്‍ ഗ്രേഡ് നല്‍കണം. നിലവില്‍ സര്‍വീസ് കാലയളവ് 15 വര്‍ഷമാണ് കാലാവധി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്കുള്ള കാലയളവ് 22ല്‍ നിന്ന് 20 ആയും എസ്‌ഐക്കുള്ള സ്ഥാനക്കയറ്റ കാലയളവ് 27ല്‍ നിന്ന് 25 വര്‍ഷമായും കുറയ്ക്കണമെന്നാണു ശിപാര്‍ശ. ആംഡ് പോലീസ് ബറ്റാലിയനില്‍ ഒഴികെയുളളവര്‍ക്കാണിത്. കേരളത്തിലെ പോലീസുകാര്‍ക്ക് വളരെ കുറഞ്ഞ സ്ഥാനക്കയറ്റം മാത്രമേ ലഭ്യ മാകുന്നുളളൂവെന്നതിനാല്‍ 2006ലാണ് ഗ്രേഡ് പ്രൊമോഷന്‍ സമ്പ്രദായം കൊണ്ടുവന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗ സ്ഥ രുടെ ശരാശരി സര്‍വീസ് കാലയളവ് 26 വര്‍ഷമായിരിക്കുന്‌പോള്‍ പോലീസില്‍ പലരും 27 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്നതിന് മുന്പ് വിരമിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.ഗ്രേഡ് സ്ഥാനക്കയറ്റത്തിനുള്ള കാലയളവ് കുറയ്ക്കുന്നത് സര്‍ക്കാരിന് ഒരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയുമുണ്ടാക്കില്ലെന്നും പോലീസ് മേധാവി വ്യക്തമാക്കുന്നു. ഈ രീതിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നത് അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച ശിപാര്‍ശയില്‍ പറയുന്നു.