കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍

തിരുവനന്തപുരം: വിമാനക്കമ്പനികള്‍ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്നു പ്രതിദിനം 30 വിമാന സര്‍വീസുകള്‍ കൂടുതലായി അനുവദിക്കുമെന്നു സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയുടെ ഉറപ്പ്. അടുത്ത മൂന്നു മാസത്തിനകം ഇതു നിലവില്‍ വരും. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് അധികമായി അഞ്ച് സര്‍വീസുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ ഖരോള അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം വിളിച്ചത്. തിരുവനന്തപുരത്തും മറ്റു വിമാനത്താവളങ്ങളിലും നിന്നു കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ തയാറായാല്‍ വിമാന ഇന്ധന നികുതി നിരക്ക് ഇനിയും കുറയ്ക്കാന്‍ കേരളം സന്നദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ തവണ ചേര്‍ന്ന വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ നികുതിനിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്ത് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ എടിഎഫ് നികുതിനിരക്ക് 25 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു ശതമാനമായും കുറച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഇതനുസരിച്ചുള്ള അനുകൂല പ്രതികരണം ഉണ്ടായില്ല. മാത്രമല്ല, തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസുകള്‍ ഗണ്യമായി കുറച്ചു. എയര്‍പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 2018-19ല്‍ തിരുവനന്തപുരത്ത് 645 ഫ്‌ളൈറ്റുകള്‍ കുറഞ്ഞു. 2019-20ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കെടുത്താല്‍ 1579 ഫ്‌ളൈറ്റുകളാണ് കുറഞ്ഞത്. ഇതില്‍ 1005 എണ്ണം അന്താരാഷ്ട്ര ഫ്‌ളൈറ്റുകളാണ്. ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്നു. ഐടി മേഖലയില്‍ കുതിച്ചുചാട്ടത്തിന് കേരളം, പ്രത്യേകിച്ച് തിരുവനന്തപുരം ഒരുങ്ങുമ്പോഴാണ് ഈ തിരിച്ചടി. ഇന്ത്യയിലേയും വിദേശത്തെയും പ്രമുഖ ഐടി കമ്പനികള്‍ തിരുവനന്തപുരത്തു കൂടുതല്‍ നിക്ഷേപം നടത്തുകയാണ്. ഒരു ലക്ഷം പേരെയാണ് അധികമായി നിയമിക്കുന്നത്. അതോടൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂര്‍ത്തിയായി വരികയാണ്. ഇമൊബിലിറ്റി മേഖലയിലും വന്‍കിട അന്താരാഷ്ട്ര കമ്പനികള്‍ കേരളത്തിലേക്ക് വരുന്ന സന്ദര്‍ഭമാണിത്. കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ ഉപയോഗിക്കുന്ന പ്രധാന വിമാനത്താവളം കൂടിയാണ് തിരുവനന്തപുരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍