കൂടുതല്‍ പരിശോധനയ്ക്ക് ഒരുങ്ങി തീരദേശ പരിപാലന അതോറിറ്റി

മരട്: അനധികൃതമായി മരട് നഗരസഭ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ മരട് പ്രദേശത്തെ മറ്റ് അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകളുമായി സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി (കെസിഇസെഡ്എംഎ ) അധികൃതര്‍ മുന്നോട്ട്. പഞ്ചായത്ത് ആയിരുന്ന 2006 കാലഘട്ടം മുതലുള്ള നിര്‍മാണ അനുമതികള്‍ സംബന്ധിച്ച രണ്ടായിരത്തോളം ഫയലുകളുടെ സൂക്ഷ്മ പരിരോധനയുമായി ബന്ധപ്പെട്ട നടപടികളാണ് പുരോഗമിച്ചുവരുന്നത്.കേരളത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തയാറാക്കി നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നു തീരദേശ പരിപാലന അതോറിറ്റി ജൂണ്‍ മാസത്തില്‍ ചേര്‍ന്ന 103ാം മത് യോഗത്തില്‍ സംസ്ഥാനത്ത് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ അന്‍പതോളം വന്‍കിട നിര്‍മാണങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു. ഇതില്‍ 34 നിര്‍മാണങ്ങള്‍ മരട് ഉള്‍പ്പെടുന്ന കൊച്ചി വേമ്പനാട്ടു കായലിന്റെ തീരങ്ങളിലുള്ളവയാണ്. പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്ന മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളും ഒരു പഞ്ചനക്ഷത്ര ഹോട്ടലും പട്ടികയില്‍ ഉള്‍പ്പെടുന്നു. മരടിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ ഹൈക്കോടതിയിലും ഒരു കേസ് നിലവിലുണ്ട്. 2017 ലാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അന്വേഷണ ഉത്തരവിറക്കിയത്. രണ്ടായിരത്തോളം ഫയലുകളാണ് ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തേണ്ടതായുള്ളത്. മരടിലെ എല്ലാ കെട്ടിട നിര്‍മാണങ്ങള്‍ക്കും തീരദേശ പരിപാലന അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇക്കാര്യം കണക്കിലെടുക്കാതെ പഞ്ചായത്തും നഗരസഭയും നിര്‍മാണ അനുമതി നല്‍കിയ കെട്ടിടങ്ങളാണ് ഇപ്പോള്‍ നിയമ നടപടികള്‍ക്കു വിധേയമാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍