ഫോണിലും ടാബിലും ഗെയിമുകളിലേര്‍പ്പെടുന്ന കുട്ടികള്‍ക്കു മേല്‍ രക്ഷിതാക്കളുടെ നിരീക്ഷണമുണ്ടാകണമെന്ന് ദുബൈ പൊലിസ്

ദുബൈ:ഫോണിലും ടാബിലും കമ്പ്യൂട്ടറിലുമായി ഗെയിമുകളിലേര്‍പ്പെടുന്ന കുട്ടികള്‍ക്കു മേല്‍ രക്ഷിതാക്കളുടെ നിരീക്ഷണം ഉണ്ടാകണമെന്ന് ദുബൈ പൊലിസ്. കുട്ടികള്‍ എന്താണ് കളിക്കുന്നതെന്നും ആരുമായാണ് ആശയവിനിമയം നടത്തുന്നതെന്നും മനസിലാക്കിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി.കുട്ടികള്‍ ചതിയില്‍ അകപ്പെടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് രക്ഷിതാക്കളില്‍ ബോധവത്കരണം നടത്താന്‍ ദുബൈ പൊലിസ് തീരുമാനിച്ചത്. ഒരു മാതാവ് പുലര്‍ത്തിയ ജാഗ്രതയും ദുബൈ പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണവും മൂലം പത്തിലേറെ കുട്ടികള്‍ കൊടും വഞ്ചനയില്‍ നിന്ന് രക്ഷിക്കപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവം. കുട്ടികള്‍ക്കിടയില്‍ തരംഗമായ ഫോര്‍ട്‌നൈറ്റ് ഗെയിമിന്റെ മറവില്‍ അവരുമായി അടുത്ത് രഹസ്യചിത്രങ്ങള്‍ ശേഖരിച്ച് ബ്ലാക്‌മെയില്‍ ചെയ്യാനും പണം തട്ടാനുമുള്ള ശ്രമമാണ് ദുബൈ പൊലീസ് തകര്‍ത്തത്. ഈ ഗെയിം കളിക്കുന്ന കുട്ടികളുമായി ചാറ്റ് ചെയ്ത് ഉയര്‍ന്ന സ്‌കോര്‍ നേടുവാന്‍ ഉപയോഗിക്കുന്ന വിബക്‌സ് എന്ന ടോക്കണ്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് അവരുടെ നഗ്‌ന ചിത്രങ്ങള്‍ ശേഖരിച്ച യുവാവിനെ പൊലീസ് പിടികൂടി.കുട്ടിയുടെ സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധയില്‍പ്പെട്ട ഒരു മാതാവാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പൊലീസിന് ഇ ക്രൈം പ്ലാറ്റ്‌ഫോം മുഖേനെ വിവരം കൈമാറിയത്. തുടര്‍ന്ന് ആസൂത്രിതമായി അന്വേഷണം ആരംഭിച്ച പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതു നല്‍കാതെ വലവിരിച്ചു. കോളേജു വിദ്യാര്‍ഥിയായ 25 കാരന്‍ ഇതിനകം തന്നെ പത്തു കുട്ടികളുടെ 200 ലേറെ ചിത്രങ്ങള്‍ ശേഖരിച്ച് ബ്ലാക്‌മെയിലിങ് ശ്രമം തുടങ്ങിയിരുന്നതായി ദുബൈ പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. ഇത്തരം കേസുകളില്‍ തടവുശിക്ഷയും രണ്ടര ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. കുഞ്ഞുങ്ങള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എഫ്.ബി.ഐ നേതൃത്വത്തിലാരംഭിച്ച അന്താരാഷ്ട്ര കൂട്ടായ്മയിലും ദുബൈ പൊലീസ് ഭാഗമാണ്. അതു കൊണ്ട് തന്നെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും പദ്ധതികളും ഈ മേഖലയില്‍ സ്വായത്തമാക്കുവാനും ദുബൈക്ക് കഴിയുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍