കിഫ്ബിയില്‍ സി.എ.ജി ആഡിറ്റിംഗ് നടക്കുന്നുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ആക്ടിലെ 14ാം വകുപ്പു പ്രകാരം ആഡിറ്റിംഗ് കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇതേ നിയമത്തിലെ 20ാം വകുപ്പ് പ്രകാരമുള്ള ആഡിറ്റിംഗിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബിയില്‍ സി.എ.ജിയുടെ ആഡിറ്റിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും ജൂലായില്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ടും ആഡിറ്റ് ചെയ്ത കണക്കും നിയമസഭയില്‍ സമര്‍പ്പിക്കണം. 2016ല്‍ കിഫ്ബി ആക്ട് ഭേദഗതി ചെയ്തപ്പോള്‍ 16ാം വകുപ്പിന് ഒരു ഭേദഗതിയും വരുത്തിയിട്ടില്ല. മാത്രമല്ല 3(8) എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതനുസരിച്ച് ഫണ്ടിന്റെ സ്രോതസും വിനിയോഗവും സംബന്ധിച്ച് നിയമസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഫണ്ട് വിനിയോഗ കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാണ് ഇതു ചെയ്തത്.
സര്‍ക്കാരിന്റെ ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സി.എ.ജി ആഡിറ്റ് ബാധകമാണ്. സെക്ഷന്‍ 14ന്റെ പരിധിയില്‍ വരാത്ത സ്ഥാപനങ്ങളില്‍ സെക്ഷന്‍ 20 പ്രകാരം ആഡിറ്റ് നടത്തണമെന്ന് സി.എ.ജിയോട് സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാം. സര്‍ക്കാര്‍ ഗ്രാന്റോ വായ്പയോ കിട്ടുന്ന സ്ഥാപനം ആഡിറ്റ് ചെയ്യണമെന്ന് സി.എ.ജിക്ക് സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കാം. ഇതനുസരിച്ച് സര്‍ക്കാരിന് ആഡിറ്റിംഗ് അനുവദിക്കാവുന്നതാണ്. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രചാരണം വികസന പദ്ധതികള്‍ക്ക് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍