ചെയര്‍മാന്‍ സ്ഥാനം ശശിതരൂര്‍ എം.പി രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹതമെന്ന് മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി

തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം ശശിതരൂര്‍ എം.പി രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹതമെന്ന് മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി വ്യക്തമാക്കി. അതേസമയം, തരൂര്‍ രാജിസന്നദ്ധത അറിയിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.


സമയക്കുറവുള്ളതിനാലാണ് തരൂര്‍ ഇക്കാര്യം അറിയിച്ചതെന്നും തല്‍ക്കാലം ചെയര്‍മാനായി തുടരുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
എന്നാല്‍, സംസ്ഥാന കോര്‍കമ്മിറ്റി അംഗങ്ങളുടെയും കോ ഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തിലാണ് തരൂര്‍ രാജി തീരുമാനം പ്രഖ്യാപിച്ചതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. രാജി തീരുമാനം വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റിന് കത്ത് അയയ്ക്കുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ് ആയതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ആശയപ്രചാരണത്തിനായാണ് ഡിജിറ്റല്‍ മീഡിയ സെല്‍ രൂപീകരിച്ചത്.സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനം തരൂരിനായിരുന്നു നല്‍കിയത്. കണ്‍വീനറായി എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെയും നിയമിച്ചിരുന്നു. അതേസമയം, അനില്‍ ആന്റെണി തിരഞ്ഞെടുപ്പിന് ശേഷം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന് തരൂര്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് പ്രസ്താവന നടത്തിയതിന്റെ പേരില്‍ തരൂര്‍ കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കളുടെ രൂക്ഷവിമര്‍ശനത്തിന് ഇരയായിരുന്നു.അതേസമയം, മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് തുടരുകയാണെങ്കില്‍ പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്ന് തരൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
'ദി ഹിന്ദു വേ: ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദൂയിസം' എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ വിമര്‍ശനമുന്നയിച്ചത്. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഭൂരിപക്ഷ പ്രീണനമോ മൃദു ഹിന്ദുത്വമോ അല്ല. അത്തരം ശ്രമങ്ങള്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുന്നതിലേ അവസാനിക്കൂ. ഇന്ത്യയില്‍ മതേതരത്വത്തിനായി പ്രതിരോധമുയര്‍ത്തുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യേണ്ട ബാദ്ധ്യത കോണ്‍ഗ്രസിനുണ്ടെന്ന് ഒരു പാര്‍ട്ടി അംഗമെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു തരൂര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍