പേമെന്റസ് ബാങ്കുകള്‍ക്ക് ചെറു ബാങ്കുകളായി മാറാം, ലൈസന്‍സ് അനുവദിക്കാന്‍ റിസര്‍വ് ബാങ്കിന്റെ നീക്കം

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ചെറു ബാങ്കുകള്‍ക്ക് (സ്മാള്‍ ഫിനാന്‍സ് ബാങ്ക്) അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ഇതോടൊപ്പം, നിലവില്‍ പേമെന്റ്‌സ് ബാങ്കിംഗ് ലൈസന്‍സുള്ള കമ്പനികള്‍ക്ക് ചെറു ബാങ്കുകളായി മാറാനുള്ള അനുവാദവും നല്‍കിയേക്കുമെന്നാണ് സൂചന. പേമെന്റ്‌സ് ബാങ്കുകള്‍ ചെറു ബാങ്കുകളായി മാറിയാല്‍ ഉപഭോക്താക്കള്‍ക്ക് ചെറുകിട വായ്പ ഉള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ നല്‍കാന്‍ ഇവയ്ക്ക് കഴിയും. 'എല്ലാവര്‍ക്കും ബാങ്കിംഗ് സേവനം' അഥവാ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്‌ളൂഷന്‍) എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം കാണുന്നതിന്റെ ഭാഗമായാണ് 2015ല്‍ റിസര്‍വ് ബാങ്ക് ചെറു ബാങ്ക്, പേമെന്റ്‌സ് ബാങ്ക് ലൈസന്‍സുകള്‍ അനുവദിച്ചത്. പേമെന്റ്‌സ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനോ അനുമതിയില്ല. എന്നാല്‍, ഒരുലക്ഷം രൂപവരെ നിക്ഷേപം സ്വീകരിക്കാം. ഡെബിറ്റ്/എ.ടി.എം കാര്‍ഡുകളും വിതരണം ചെയ്യാം. എന്നാല്‍, തുടക്കകാലം മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് തണുപ്പന്‍ പ്രതികരണമാണ് പേമെന്റ്‌സ് ബാങ്കുകള്‍ക്ക് ലഭിച്ചത്. പതിനൊന്ന് പേമെന്റ്‌സ് ബാങ്കിംഗ് ലൈസന്‍സുകളാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതില്‍ എയര്‍ടെല്‍, പേടിഎം., ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക്, റിലയന്‍സ് ജിയോ പേമെന്റ്‌സ് ബാങ്ക് എന്നിവ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചെറു ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകള്‍ നല്‍കാനും അനുമതിയുണ്ട്. ചെറുകിട സംരംഭക (എം.എസ്.എം.ഇ) വായ്പകള്‍, കാര്‍ഷിക വായ്പകള്‍ തുടങ്ങിയവ അനുവദിക്കാം. എവിടെയും ശാഖകളും തുറക്കാം. കേരളത്തില്‍ നിന്നുള്ള ഇസാഫ് അടക്കം പത്ത് കമ്ബനികള്‍ക്കാണ് റിസര്‍വ് ബാങ്ക് ചെറു ബാങ്കിംഗ് ലൈസന്‍സ് നല്‍കിയത്. പുതുതായി ലൈസന്‍സ് അനുവദിക്കുന്ന നടപടികള്‍ക്ക് എന്നു തുടക്കമാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. യൂണിഫൈഡ് പേമെന്റ്‌സ്ഇന്റര്‍ഫേസ് (യു.പി.ഐ) ഇടപാടുകള്‍ 201819ല്‍ ആറു മടങ്ങ് വര്‍ദ്ധിച്ചുവെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന കലണ്ടറായ ജൂലായ് ജൂണ്‍ കാലയളവില്‍ 1.09 ലക്ഷം കോടി രൂപയില്‍ നിന്ന് 8.77 ലക്ഷം കോടി രൂപയിലേക്കാണ് ഇടപാട് മൂല്യം ഉയര്‍ന്നത്. ഇടപാടുകളുടെ എണ്ണം 91.52 കോടിയില്‍ നിന്നുയര്‍ന്ന് 535.34 കോടിയിലെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍