സമൂഹമാധ്യമങ്ങള്‍ വിട്ട് കോണ്‍ഗ്രസുകാര്‍ ജനങ്ങളിലേക്കു നേരിട്ടിറങ്ങണം: സോണിയ

ന്യൂഡല്‍ഹി: ജനാധിപത്യം ആപത്തിലാണെന്നും ലഭിച്ച ജനവിധിയെ ഏറ്റവും അപകടകരമായ രീതിയിലാണ് ബിജെപി സര്‍ക്കാര്‍ ദുരുപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സോഷ്യല്‍ മീഡിയയില്‍ മാത്രം സജീവമായാല്‍ പോരെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളുടെ ഇടയിലേക്ക് നേരിട്ടിറങ്ങണമെന്നും എഐസിസി ആസ്ഥാനത്ത് ഇന്നലെ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സോണിയ ആവശ്യപ്പെട്ടു.നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലും തെറ്റായ രീതിയിലുള്ള ജിഎസ്ടിയുമാണ് സാമ്പത്തിക മുരടിപ്പിലേക്കു രാജ്യത്തെ നയിച്ചതെന്ന് സോണിയയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കുറ്റപ്പെടുത്തി. തൊഴില്‍ നഷ്ടവും സാമ്പത്തിക തകര്‍ച്ചയും ഉണ്ടാക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ പ്രതിഷേധിച്ച് അടുത്തമാസം 15 മുതല്‍ 25 വരെ രാജ്യമൊട്ടാകെ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാന്‍ നേതൃയോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനു മുന്നോടിയായി പിസിസികളുടെ ആഭിമുഖ്യത്തില്‍ ഈ മാസം 28 മുതല്‍ 30 വരെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു.സമൂഹമാധ്യമങ്ങളില്‍ മാത്രം ഇടപെടലുകളും സാന്നിധ്യവും ഒതുക്കരുത്. ജനങ്ങളുടെ ഇടയിലേക്കിറങ്ങി ചെന്ന് അവരുമായി നേരിട്ടും ബന്ധം സ്ഥാപിക്കുകയെന്നതു പ്രധാനമാണ്. ജനകീയ പ്രശ്‌നങ്ങളില്‍ സാധാരണക്കാരോടൊപ്പം കോണ്‍ഗ്രസുകാര്‍ സജീവമായി അണിനിരക്കണം സോണിയ കര്‍ശന നിര്‍ദേശം നല്‍കി.മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയ നേതാക്കളെ പോലും തെറ്റും അപകടകരവുമായ ലക്ഷ്യത്തോടെ ദുരുപയോഗിക്കുകയാണെന്നും സോണിയ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഫലപ്രദമായ നടപടികളാണു വേണ്ടതെന്നും വ്യാജ പ്രചാരണങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത വാര്‍ത്തകളും പുതിയ തലമുറയെ കുറ്റപ്പെടുത്തുന്ന മണ്ടന്‍ തിയറികളുമല്ല വേണ്ടതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരിഹസിച്ചു.എഐസിസി ആസ്ഥാനത്തു നടന്ന ദേശീയ ഭാരവാഹികളുടെയും സംസ്ഥാന പിസിസി അധ്യക്ഷന്മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍ എന്നിവരുടെയും യോഗത്തില്‍ മന്‍മോഹന്‍ സിംഗ്, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, കെ.സി. വേണുഗോപാല്‍ എന്നിവരായിരുന്നു വേദിയില്‍.പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കമുള്ള നേതാക്കളെല്ലാം പങ്കെടുത്തു. കേരളത്തിലെ തിരക്കുകള്‍ മൂലം നേതാക്കളെ പ്രതിനിധീകരിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും പങ്കെടുത്തു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്നു സോണിയയുടെ അധ്യക്ഷതയില്‍ ചേരും.കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് പ്രേരക്മാര്‍ അല്ലെങ്കില്‍ പ്രചോദകരായി എല്ലാ സംസ്ഥാനങ്ങളിലും ഏതാനും സജീവ നേതാക്കളെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനം എടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍