ആഭ്യന്തരകാര്യങ്ങളിലെ ബാഹ്യ ഇടപെടലുകള്‍ക്ക് ഇന്ത്യയും റഷ്യയും എതിര്: നരേന്ദ്ര മോദി

വ്‌ലാഡിവോസ്റ്റോക്: ഏതൊരു രാജ്യത്തിന്റെയും ആഭ്യന്തരകാര്യത്തില്‍ ബാഹ്യ ഇടപെടലുകള്‍ നടത്തുന്നതിന് ഇന്ത്യയും റഷ്യയും എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, പ്രതിരോധം, ബഹിരാകാശം, എണ്ണവാതകം, ആണവോര്‍ജം, സമുദ്രപാത എന്നിവയില്‍ ഇന്ത്യറഷ്യ സഹകരണം പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ മോദി, റഷ്യയുടെ കിഴക്കന്‍ മേഖല സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. ഏതൊരു രാജ്യത്തിന്റെയും ആഭ്യന്തരകാര്യത്തില്‍ ബാഹ്യഇടപെടലുകള്‍ നടത്തുന്നതിന് ഇന്ത്യയും റഷ്യയും എതിരാണെന്ന് മോദി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യറഷ്യ 20ാമത് വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായി കപ്പില്‍ നടത്തിയ ഉന്നതല കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു നേതാക്കള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക നടപടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. കശ്മീരിന്റെപദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നും പാക്കിസ്ഥാന്‍ ഇക്കാര്യം അംഗീകരിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നുണ്ട്. ജമ്മു കശ്മീര്‍ വിഷയത്തില്‍ റഷ്യ ഇന്ത്യക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. എണ്ണവാതകം, ഖനനം, ആണവോര്‍ജം, പ്രതിരോധം, വായുസമുദ്ര സഞ്ചാരം, ഗതാഗതസൗകര്യം, ഹൈടെക്, ബഹിരാകാശം, ഭീകരവിരുദ്ധപ്രവര്‍ത്തനം എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 1,100 കോടിയില്‍നിന്ന് 2025ഓടെ 3,000 കോടി ഡോളറാക്കാനും ധാരണയായി. കൂടംകുളത്തെ നാലു ആണവ റിയാക്ടറുകളുടെ നിര്‍മാണം വേഗത്തിലാക്കും. ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയില്‍ ബഹിരാകാശ സഞ്ചാരികളെ റഷ്യ പരിശീലിക്കുമെന്നും മോദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍