ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ നേരിടേണ്ടത് വലിയ പ്രതിസന്ധി; കെട്ടിടങ്ങളെയും പാലങ്ങളെയും ബാധിക്കും

കൊച്ചി:മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് നിരവധി പ്രതിസന്ധികളാണ് കാത്തിരിക്കുന്നത്. നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ രാജ്യത്ത് പൊളിച്ച് മാറ്റുന്ന ഏറ്റവും ഉയര്‍ന്ന കെട്ടിടങ്ങളാവും മരടിലേത്. രാജ്യത്ത് ഇത്രയും ഉയര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ച് മുന്‍പരിചയമുള്ള കമ്പനികളില്ല എന്നതും പ്രതിസന്ധിയാണ്.മരടിലെ ഫ്‌ളാറ്റുകളുടെ ശരാശരി ഉയരം 56 മീറ്ററാണ്. ചെന്നൈയിലെ 35 മീറ്റര്‍ ഉയരമുള്ള കെട്ടിടമാണ് ഇന്ത്യയില്‍ നിയന്ത്രിത സ്‌ഫോടനം വഴി പൊളിച്ചു മാറ്റിയ കെട്ടിടങ്ങളില്‍ ഏറ്റവും വലുത്. മരടിലെ ഫ്‌ളാറ്റുകളില്‍ ഹോളിഫെയ്ത്ത് ആണ് ഏറ്റവും ഉയരം കൂടിയത്. പാര്‍ക്കിങ് അടക്കം 20 നിലകള്‍. ജെയിന്‍,ആല്‍ഫ സെറീന്‍, ഗോള്‍ഡന്‍ കായലോരം എന്നിവ 17 നിലകളിലുമാണ് പണിതുയര്‍ത്തിയിരിക്കുന്നത്. പൊളിച്ചുമാറ്റുന്ന കെട്ടിടത്തിന്റെ 560 മീറ്റര്‍ പരിധിയിലുള്ള കെട്ടിടങ്ങളെ പ്രകമ്പനം ബാധിക്കും. ഇത് കെട്ടിടങ്ങളില്‍ ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാക്കും. 500 മീറ്റര്‍ പരിധിയിലുള്ളത് നിരവധി ബഹുനിലമന്ദിരങ്ങളാണ്.
ഏറ്റവും ഉയരമുള്ള ഫ്‌ളാറ്റായ ഹോളി ഫെയ്ത്തും കുണ്ടന്നൂര്‍ പാലവും തമ്മിലുള്ള ദൂരം നൂറ് മീറ്ററില്‍ താഴെ. പൊളിച്ചുമാറ്റിയാല്‍ ഉണ്ടാവുന്ന പൊടിയുടെ അളവ് കണക്കാന്‍ കഴിയില്ല. സമീപത്തെ സ്‌കൂളുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെയടക്കം ഇത് ബാധിക്കും. നേവല്‍ ബേസില്‍നിന്നുള്ള ഓപ്പറേഷനുകള്‍ താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെക്കേണ്ടി വരും. 36000 ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. സ്ഥലം കണ്ടെത്തിയാലും അവിടേക്ക് മാലിന്യം എത്തിക്കാന്‍ റോഡ് മാര്‍ഗത്തെ ആശ്രയിച്ചാല്‍ ദിവസങ്ങളോളം നഗരത്തിലെ ഗതാഗതം സ്തംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍