മരട് ഫ്‌ളാറ്റ് ഉടമകളെ കേള്‍ക്കണം: ഹൈക്കോടതി മുന്‍ ജഡ്ജി

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്നുള്ള സുപ്രീംകോടതി ഉത്തരവ്, വിധി ബാധിക്കുന്നവരെ കേള്‍ക്കാതെയുള്ളതാണെന്നു ജസ്റ്റീസ് ബി. കെമാല്‍ പാഷ. സാമാന്യനീതിയുടെ തത്വങ്ങളനുസരിച്ചു സുപ്രീംകോടതി ഫ്‌ളാറ്റുടമകളുടെ ഭാഗം കേള്‍ക്കണം.142ാം അനുച്ഛേദം അനുസരിച്ചു സുപ്രീംകോടതിക്കു സന്പൂര്‍ണനീതി ഉറപ്പാക്കാന്‍ അവകാശമുണ്ട്. ഇതിന്‍പ്രകാരം ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കുള്ള സംരക്ഷണം കൂടി നല്‍കിക്കൊണ്ടുള്ള ഉത്തരവിടാമായിരുന്നു. തിരുത്തല്‍ ഹര്‍ജിയിലൂടെ ഈ നീതി ഫ്‌ളാറ്റ് ഉടമകള്‍ക്കു ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മരടിലെ ഫ്‌ളാറ്റ് ഉടമകളെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് 30 കോടി രൂപയോളം ചെലവ് വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. വീണ്ടുമൊരു പ്രളയം വന്ന് എല്ലാം നഷ്ടപ്പെട്ടിരിക്കുന്‌പോള്‍ കിടപ്പാടം പൊളിച്ചു നീക്കാന്‍ ഇത്രയധികം തുക ചെലവാക്കുന്നതു നിസാര കാര്യമല്ല. കെട്ടിടം മാത്രമല്ല ഇവിടെ പൊളിച്ചുകളയുന്നത്. അവിടെ താമസിക്കുന്ന ഓരോരുത്തരുടെയും ജീവിതമാണ്. വിധി നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസം വരുത്തുകയല്ലാതെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല.ഫ്‌ളാറ്റ് പൊളിച്ചാല്‍ അവിടുത്തെ താമസക്കാര്‍ക്കു സര്‍ക്കാര്‍ ബദല്‍ സംവിധാനം ഒരുക്കിക്കൊടുക്കണം. അതു സര്‍ക്കാരിന്റെ ബാധ്യതയാണ്. അതോടൊപ്പം ഏതെല്ലാം രീതിയില്‍ ഈ വിധിയെ മറികടക്കാനാവുമെന്നു സര്‍ക്കാര്‍ പരിശോധിച്ചു നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍