ആസാമിലെ പൗരത്വ രജിസ്റ്റര്‍: നിയമനിര്‍മാണം പരിഗണനയില്‍

ന്യൂഡല്‍ഹി: ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിയമനിര്‍മാണത്തിനൊരുങ്ങി ബിജെപി. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തുന്ന കാര്യമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. പട്ടികയില്‍ പുന:പരിശോധന ആവശ്യപ്പെടുമെന്നു ബിജെപി നേതൃത്വം സൂചന നല്‍കി. പുറത്തായ യഥാര്‍ഥ പൗരന്‍മാരെ ഉള്‍പ്പെടുത്താന്‍ എന്നാണു നേതൃത്വത്തിന്റെ വിശദീകരണം. അന്തിമ പട്ടികയില്‍ വന്‍തോതില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്നു ബിജെപി ആസാം നേതൃത്വം തന്നെ പരാതിപ്പെട്ടിട്ടുണ്ട്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടിയേറിയ ഹിന്ദുക്കള്‍ ഉള്‍പ്പെടെ കൃത്യമായ രേഖകളുള്ള പലരെയും പട്ടികയില്‍നിന്ന് ഒഴിവാക്കിയതായും ബിജെപി ആരോപിക്കുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വീര്‍ ചക്ര അവാര്‍ഡ് ജേതാവും സിറ്റിംഗ് എംഎല്‍എയും അടക്കം ആസാമിലെ 19.07 ലക്ഷം അപേക്ഷകര്‍ പുറത്താണ്. മൊത്തം അപേക്ഷകരില്‍ 3.11 കോടി പേര്‍ ഇന്ത്യന്‍ പൗരന്മരായി പട്ടികയിലുണ്ട്. ഒരേ കുടുംബത്തിലെ ഏതാനും പേര്‍ മാത്രം പട്ടികയ്ക്കു പുറത്തായതാണു പ്രശ്‌നമായത്. ഭര്‍ത്താവും മക്കളും ഇന്ത്യന്‍ പൗരന്‍മാരായപ്പോള്‍ ഭാര്യ മാത്രം വിദേശി ആയവരും ഭര്‍ത്താവോ, മക്കളില്‍ ഒരാളോ മാത്രം പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ സംഭവങ്ങള്‍ നിരവധിയാണ്. ആസാമില്‍ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) സിറ്റിംഗ് എംഎല്‍എ അനന്ത കുമാര്‍ മലോയും ഇന്ത്യന്‍ പൗരത്വ പട്ടികയില്‍നിന്നു പുറത്തായി. പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ആസാമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ തുടരുകയാണ്. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിരോധനാജ്ഞ നിലവിലുണ്ട്. പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കിയവര്‍ മറ്റു സംസ്ഥാനങ്ങളിലേക്കു മാറുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍