പിഎസ്‌സി പരീക്ഷ മലയാളത്തിലെഴുതാന്‍ സമരം വേണ്ടിവന്നത് ദയനീയം: അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ മലയാളത്തിലെഴുതാന്‍ സമരം നടത്തേണ്ടിവന്നത് ദയനീയമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടം പിഎസ്‌സി ആസ്ഥാനത്തിനു മുന്നില്‍ പിഎസ്‌സി പരീക്ഷ മലയാളത്തിലെഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ മൂന്നാം ദിവസം നടത്തിയ യുവകവി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ അതതു സംസ്ഥാനങ്ങളിലെ ഭാഷ പഠിക്കണം. എല്ലാ സംസ്ഥാനങ്ങളിലേയും നിയമമാണിത്. പിഎസ്‌സി പരീക്ഷ മലയാളത്തില്‍ എഴുതാന്‍ അനുമതിയില്ലാത്തതു കാണുമ്പോള്‍ ഭാഷയോട് മലയാളിക്ക് സ്‌നേഹമില്ലേയെന്നു തോന്നിപ്പോകുന്നു. മലയാളം അറിയാതെ നമ്മുടെ കുട്ടികള്‍ വളരുകയാണ്. സമരം നടത്താതെ തന്നെ പിഎസ്‌സി പരീക്ഷയെഴുതാന്‍ അനുമതി നല്‍കേണ്ടതായിരുന്നു. ബന്ധപ്പെട്ടവര്‍ ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.മലയാളം ഭരണഭാഷയാക്കാന്‍ നിയമസഭ പാസാക്കിയ നിയമം പിഎസ്‌സിയും നടപ്പാക്കാനാണ് സമരം ചെയ്യേണ്ടിവരുന്നതെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ എം.ആര്‍. തമ്പാന്‍ പറഞ്ഞു. പിഎസ്‌സി പരീക്ഷ മലയാളത്തിലാക്കി മാറ്റുന്നതിന് നിലവില്‍ യാതൊതു തടസവുമില്ലെന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ പറഞ്ഞു. പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗിച്ചു. മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്‍.പി പ്രിയേഷ്, വിദ്യാര്‍ഥി മലയാളി ഐക്യവേദി നേതാവ് രൂപിമ എന്നിവരാണ് മൂന്നാംദിന നിരാഹാര സമരം നടത്തുന്നത്. യുവ കവിയരങ്ങില്‍ വിനോദ് വൈശാഖി, ശശി മാവിന്‍മൂട്, ശശിധരന്‍ കുണ്ടറ, മുഖത്തല ശ്രീകുമാര്‍, ജഗദീഷ് കോവളം തുടങ്ങിയവര്‍ കവിത ചൊല്ലി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍