ഇന്ത്യ -പാക് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വീണ്ടും ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യപാക്കിസ്ഥാന്‍ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ചര്‍ച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നേരത്തെയും പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കശ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും മറ്റൊരു രാജ്യങ്ങളും ആ പ്രശ്‌നത്തില്‍ ഇടപെടേണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. ജി7 ഉച്ച കോടിക്കിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തവേ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടും വിദേശകാര്യ വക്താക്കള്‍ ഒന്നിലേറെ തവണ വാര്‍ത്താ സമ്മേളനങ്ങളിലൂടെയും ഈ നിലപാട് ട്രംപിനോട് വ്യക്തമാക്കിയിരുന്നു.അടുത്ത ഞായറാഴ്ച ഹൂസ്റ്റണില്‍ നടക്കുന്ന 'ഹൗഡി മോഡി' പരിപാടിയില്‍ പങ്കെടുക്കുന്ന ട്രംപ്, ഇതിനിടയില്‍ മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടയില്‍ ഇമ്രാന്‍ ഖാനുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍