ഓണക്കാലം പ്രകൃതിസംരക്ഷണ സന്ദേശമാകണം: മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: മനുഷ്യന്‍ പ്രകൃതിയോട് ചെയ്ത വലിയ വീഴ്ചകളുടെ കൂടി ഫലമാണ് തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ സംസ്ഥാനം അനുഭവിച്ച പ്രളയം. ഈ സാഹചര്യത്തില്‍ പ്രകൃതിയെ സംരക്ഷിക്കാനുള്ള സന്ദേശമാക്കി ഓണക്കാലത്തെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്‍. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ജില്ലാതല ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ കരുത്തുള്ള ജന സമൂഹമായി മലയാളികളെ ലോകം അംഗീകരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പതറി പോവുകയും പകച്ചു നില്‍ക്കുകയും ചെയ്യാതെ ഉറച്ച കാല്‍വയ്പ്പുകളോടെ മുന്നേറാനുള്ള മാതൃകയാണ് കേരളം കാണിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെയും സിനിമാ താരം ആശാ ശരത്തിനെയും മന്ത്രി ആദരിച്ചു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് ആശാ ശരത്തിന്റെ നേതൃത്വത്തില്‍ 'ദേവഭൂമിക' നൃത്ത–സംഗീത ശില്‍പവും അരങ്ങേറി. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ സമന്വയിക്കുന്ന സംഗീത ശില്‍പ്പത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് നടന്‍ മോഹന്‍ലാലാണ്. ഒരു മണിക്കൂര്‍ 15 മിനിട്ട് ദൈര്‍ഘ്യമുള്ള നൃത്തസംഗീതശില്‍പം 13 ഗാനങ്ങളിലൂടെയാണ് ഒരുക്കിയിരിക്കുന്നത്. 40 നര്‍ത്തകര്‍ വേദിയിലെത്തിയ ദേവഭൂമികയുടെ സര്‍ഗാവിഷ്‌കാരം സംവിധായകന്‍ രാജീവ് കുമാറും സംഗീതം രമേശ് നാരായണനും നിര്‍വഹിച്ചു. പ്രഭാ വര്‍മ, ബീയാര്‍ പ്രസാദ്, മുരുകന്‍ കാട്ടാക്കട, ഗിരീഷ് പുലിയൂര്‍ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ ശരത്, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, സുദീപ്, കോട്ടയ്ക്കല്‍ മധു, രാജലക്ഷ്മി, ജ്യോത്‌സന, മധുശ്രീ, ഭാവനാ രാധാകൃഷ്ണന്‍ എന്നിവരാണു ആലപിച്ചത്.മാനാഞ്ചിറയിലെ വേദിയില്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കളരിപ്പയറ്റ് പ്രദര്‍ശനം, കുരുവട്ടൂര്‍ സ്വരലയ അവതരിപ്പിച്ച പഞ്ചാരിമേളം, ഇപ്റ്റ അവതരിപ്പിച്ച നാട്ടരങ്ങ് എന്നിവയും നടന്നു. മജീഷന്‍ പ്രദീപ് ഹുഡിനോ അവതരിപ്പിച്ച വണ്ടര്‍ ഓണ്‍ വീല്‍സ് മാജിക് ഷോയും നടന്നു. കോഴിക്കോട് ബീച്ച്, കടലുണ്ടി ലെവല്‍ക്രോസ്, ഒളവണ്ണ കൊടിനാട്ടുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് മാജിക് അവതരിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍