നല്ല സിനിമകളുടെ പ്രദര്‍ശനത്തിന് ഫില്‍ക്ക മാതൃക: അടൂര്‍

തിരുവനന്തപുരം: ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് പ്രസക്തി നഷ്ടപ്പെടാത്ത ഇക്കാലത്ത് നല്ല സിനിമ പ്രദര്‍ശിപ്പിക്കുന്നതിലും ചിട്ടയായ പ്രവര്‍ത്തനത്തിലും ഫില്‍ക്ക ഫിലിം സൊസൈറ്റികള്‍ക്ക് മാതൃകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.ഫിലിം ലവേഴ്‌സ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഫില്‍ക്ക) 19ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫില്‍ക്ക പ്രസിഡന്റ് ഭവാനി ചീരത്ത് അധ്യക്ഷതവഹിച്ച യോഗത്തില്‍ ഫെസ്റ്റിവല്‍ ബുക്ക് ഡോ.വി.രാജ കൃഷ്ണനു നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. പിഎംജിയിലെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്റര്‍ ഹാളില്‍ രണ്ടുദിവസങ്ങളിലായി 10 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനായ വി.കെ. ജോസഫിനെ ഭവാനി ചീരത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകന്‍ എ.മീരാസാഹിബ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ഫില്‍ക്ക ജനറല്‍ സെക്രട്ടറി ഡോ.എം. കെ.പി. നായര്‍, വൈസ് പ്രസിഡന്റ് ജി.വിജയകുമാര്‍, ജോയിന്റ് സെക്ട്രടറി ഡി. രവികുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രളയ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ഉദ്ഘാടന ചടങ്ങ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചലച്ചിത്രോത്സവം വ്യാഴാഴ്ച സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍