കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് കരുതിയ സൗജന്യ അരി നിഷേധിച്ചത് സങ്കടകരമെന്ന് മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രം നല്‍കുമെന്ന് കരുതിയ സൗജന്യ നിരക്കിലുള്ള അരിപോലും നിഷേധിച്ചത് ഏറെ സങ്കടകരമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ എന്‍എസ്എസ്ഹാളില്‍ (കൊട്ടാരപ്പാലത്തിന് സമീപം) സപ്ലൈകോ ആരംഭിക്കുന്ന ഓണം ജില്ലാ ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന സഹായങ്ങള്‍ ഇപ്പോള്‍ തടസപ്പെട്ടിരിക്കുന്ന രീതിയാണ്. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ പ്രളയവും ഇത്തവണത്തെ മഴക്കെടുതിയും അതിജീവിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. 1565 ഓണ മാര്‍ക്കറ്റ് സപ്ലൈകോ കേരളത്തില്‍ നടത്തുന്നു. ഗുണനിലവാരം ഉറപ്പാക്കിയ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലാണ് ഇവിടെ നിന്ന് വിതരണം നടത്തുന്നത്. പൊതുവിപണിയില്‍ ജയ അരിക്ക് 35 രൂപ വിലയുള്ളപ്പോള്‍ സപ്ലൈകോ 25 രൂപയ്ക്ക് നല്‍കുന്നു. പൊതുവിപണിയില്‍ 38 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്കും പൊതുവിപണിയില്‍ 145 രൂപ വിലയുള്ള മുളക് 75 രൂപയ്ക്കുമാണ് നല്‍കുന്നത്. പുറം വിപണിയില്‍ 98 രൂപ വിലയുള്ള ഉഴുന്ന് ഇവിടെ 60 രൂപയ്ക്കും ലഭിക്കും. 14 സാധനങ്ങള്‍ക്ക് പൊതുവിപണിയെ അപേക്ഷിച്ച് കാര്യമായ വിലക്കുറവിലാണ് സപ്ലൈകോ വില്‍ക്കുന്നതെന്നും ഓണക്കാലത്ത് വില പിടിച്ചുനിര്‍ത്താന്‍ ഇതുവഴി ഭക്ഷ്യവകുപ്പിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, കൗണ്‍സിലര്‍ സി.എസ്. സോളി, ജനറല്‍ മാനേജര്‍ ആര്‍. രാംമോഹന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി. മുരളീധരന്‍ നായര്‍ വിവിധ രാഷ്ട്രീയസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.സെപ്തംബര്‍ 1 മുതല്‍ 10 വരെ രാവിലെ 9.30 മുതല്‍ രാത്രി എട്ടുവരെയാണ് ഓണം ഫെയര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍