പരിസ്ഥിതിയെ മറന്നു വികസനം സാധ്യമല്ല: ധനമന്ത്രി

കല്‍പ്പറ്റ: പരിസ്ഥിതിയെ മറന്നുള്ള വികസനം കേരളത്തില്‍ ഇനി സാധ്യമല്ലെന്നു ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. മലബാര്‍ കാപ്പി പദ്ധതി നിര്‍വഹണത്തിനു രൂപരേഖ തയാറാക്കുന്നതിനു കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ ബാങ്ക് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര വികസനത്തിന്റെ കേരള മാതൃകയായി വയനാടിനെ മാറ്റും. ഇതിന്റെ ഭാഗമായാണ് വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാന്‍ ആവിഷ്‌കരിച്ച മലബാര്‍ കാപ്പി പദ്ധതി. ജില്ലയില്‍ നൂറു ഏക്കര്‍ സ്ഥലം കാപ്പി കൃഷിക്കും സംസ്‌കരണ ഫാക്ടറിക്കുമായി ഏറ്റെടുക്കും. കാപ്പിത്തോട്ടങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കാപ്പിക്കു മെച്ചപ്പെട്ട വില കിട്ടുന്നതു വയനാടിന്റെ സുസ്ഥിര വികസനത്തിനു സഹായകമാകും. കാപ്പിക്കുരുവിന്റെ വില നിശ്ചയിക്കുന്നവരായി കര്‍ഷകര്‍ മാറണം. സുസ്ഥിര വികസനത്തിലുടെ ജനങ്ങളുടെ വരുമാനം ഇരട്ടിയാക്കാന്‍ കഴിയും. കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതിക്ക് കാപ്പി ബ്രാന്‍ഡിംഗില്‍ നിര്‍ണായക പങ്കാണ് വഹിക്കാനുള്ളത്. കാര്‍ബണ്‍ തുലിത മേഖലയില്‍നിന്നുള്ളതായി വയനാടന്‍ കാപ്പി ആഗോള വിപണിയില്‍ ബ്രാന്‍ഡ് ചെയ്യപ്പെടണം. മലബാര്‍ കാപ്പി പദ്ധതിയില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളെയും പങ്കാളികളാക്കുമെന്നും മന്ത്രി പറഞ്ഞു. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ഒ.ആര്‍. കേളു എംഎല്‍എ , നഗരസഭ ചെയര്‍ പേഴ്‌സണ്‍ സനിത ജഗദീഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, പി. ഗഗാറിന്‍, വിജയന്‍ ചെറുകര, പി.കെ. രാജന്‍, സി.എം. ശിവരാമന്‍, വി.പി. വര്‍ക്കി, കെ.ജെ. ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍