മരടില്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പ് ഇവിടെ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ്.എം.ജി എന്ന വ്യക്തിയാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരടില്‍ കായലുകള്‍ക്കു സമീപമാണ് ഈ ഫ്‌ളാറ്റുകള്‍ നിയമവിരുദ്ധമായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ലെന്നും, മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഏതെങ്കിലും വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഫ്‌ളാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കില്‍ അതു പരിഹരിക്കാനുള്ള ചെലവ് ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റീസിന്റെ കോടതിയില്‍ അയോധ്യ കേസിലെ വാദം തുടരുന്നതിനാല്‍ മൂന്നാം നമ്പര്‍ കോടതിയിലായിരിക്കും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍