റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാത്തതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം

കൊച്ചി:ഏഴ് ദിവസത്തിനകം റോഡുകള്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കോര്‍പ്പറേഷന്‍, ജി.സി.ഡി.എ സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നോട്ടീസ് നല്‍കി എറണാകുളം ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാത്തതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ഏഴ് ദിവസത്തിനകം റോഡുകള്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കോര്‍പ്പറേഷന്‍, ജി.സി.ഡി.എ സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നോട്ടീസ് നല്‍കി.അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 133 വകുപ്പ് പ്രകാരമാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ നോട്ടീസ് നല്‍കിയത്. കലൂര്‍ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര ഫെറി റോഡ്, പുന്നുരുന്നി ചളിക്കവട്ടം റോഡ് എന്നിവ 7 ദിവസത്തിനകം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടിരുന്നു. ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സെപ്തംബര്‍ 11ന് കലക്ടറുടെ ക്യാമ്പ് ഓഫീസില്‍ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണം. പൊതുജനത്തിന്റെ സുഗമമായ ഗതാഗതത്തിനും സഞ്ചാരത്തിനും തടസം സൃഷ്ടിക്കല്‍, ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകല്‍, പൊതുജനസുരക്ഷയ്ക്ക് ഭംഗം വരുത്തല്‍, ജീവന് ഭീഷണിയാകല്‍ എന്നിവയ്ക്ക് ഈ ഉദ്യോഗസ്ഥര്‍ കാരണക്കാരായതായി കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 45 റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനായി കണ്ടെത്തിയിട്ടുള്ളത്. കോര്‍പ്പറേഷനും ജി.സി.ഡി.എക്കും പുറമേ പൊതുമരാമത്ത് വകുപ്പിന്റെയും നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും കീഴിലുള്ള റോഡുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അതേ സമയം മേല്‍പ്പാലം നിര്‍മാണം തുടരുന്ന കൊച്ചി കുണ്ടന്നൂര്‍, വൈറ്റില ജംഗ്ഷനുകളിലും അറ്റകുറ്റപ്പണിക്കായി മേല്‍പ്പാലം അടച്ചിട്ട പാലാരിവട്ടം ജംഗ്ഷനിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍