ഗുണമേന്‍മയുള്ള ഇന്ത്യന്‍ അരിക്ക് നിലവാരമില്ലാത്ത അരി കുറഞ്ഞ വിലക്കു നല്‍കി പാകിസ്താന്‍ 'പാര'

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിക്ക് പാകിസ്താനും തായ്‌ലന്‍ഡും ഭിഷണിയാകുന്നു. അരിക്ക് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ് എം.എസ്.പി) ഏര്‍പ്പെടുത്തിയതോടെ, വില കൂടിയതാണ് അന്താരാഷ്ട്ര വിപണിയില്‍ തിരിച്ചടിയായത്. നിലവാരത്തില്‍ ഏറ്റവും മുന്നിലായിട്ടും വിലവര്‍ദ്ധനയാണ് ഇന്ത്യന്‍ അരിയെ വലയ്ക്കുന്നത്.അതേസമയം, ഒട്ടും നിലവാരമില്ലാത്ത പാകിസ്താന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം അരികള്‍ വിലക്കുറവിന്റെ പിന്‍ബലത്തില്‍ മികച്ച ഡിമാന്‍ഡും സ്വന്തമാക്കുന്നുവെന്ന് പ്രമുഖ ഓണ്‍ലൈന്‍ ലോജിസ്റ്റിക്‌സ് മാര്‍ക്കറ്റ്പ്‌ളേസായ കോഗോപോര്‍ട്ട് വ്യക്തമാക്കി. ഈവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള നോണ്‍ബസുമതി അരി കയറ്റുമതി നഷ്ടം കുറിക്കുമെന്നാണ് വിലയിരുത്തല്‍. ബസുമതി അരി കയറ്റുമതി വര്‍ദ്ധിക്കുമെങ്കിലും വളര്‍ച്ചാനിരക്ക് കുറവായിരിക്കും. 2018-19 ഖരീഫ് സീസണില്‍ ഇന്ത്യന്‍ നെല്ലുത്പാദനം 2.5 ശതമാനം വര്‍ദ്ധിച്ച് 115 മില്യണ്‍ ടണ്ണിലെത്തുമെന്നാണ് കരുതുന്നത്. താങ്ങുവില നിയന്ത്രിച്ചും കയറ്റുമതി വളര്‍ച്ചയ്ക്ക് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കിയും കയറ്റുമതി വളര്‍ച്ച നേടാനാകുമെന്നും കോഗോപോര്‍ട്ട് വ്യക്തമാക്കി. വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഈജിപ്ത്, ചൈന, മെക്‌സിക്കോ, മലേഷ്യ, ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ വിപണി വളര്‍ത്തി ഇന്ത്യയ്ക്ക് നേട്ടം കൊയ്യാനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍