രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്, ലക്ഷ്യത്തില്‍നിന്നും പിന്നോട്ടുപോകരുതെന്ന് ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി

ബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും അതിനായുള്ള ശ്രമവും യാത്രയും വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്, ലക്ഷ്യത്തില്‍നിന്നും പിന്നോട്ടുപോകരുതെന്നും ഇസ്‌റോയിലെ ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി പറഞ്ഞു. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ശ്രേഷ്ഠമായ ചരിത്രത്തില്‍ നമ്മെ പിന്നോട്ടടിക്കുന്ന നിമിഷങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷെ അവ ഒരിക്കലും നമ്മുടെ ആത്മാവിനെ തകര്‍ത്തിട്ടില്ല. നമ്മള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി അതിശയകരമായ കാര്യങ്ങള്‍ ചെയ്തു. നമ്മുടെ സംസ്‌കാരം ഇത്രയും ഉയരത്തില്‍ നില്‍ക്കാന്‍ കാരണമതാണ് പ്രധാനമന്ത്രി പറഞ്ഞു. സയന്‍സിന്റെ പരാജയമല്ല, ഇത് കേവലം പരീക്ഷണങ്ങളും പരിശ്രമങ്ങളും മാത്രമാണ്. ഓരോ പ്രതിബന്ധങ്ങളും നമ്മളെ പഠിപ്പിക്കുന്നു. ഓരോ പ്രതിബന്ധങ്ങളും പോരോട്ടവും തടസങ്ങളും നമ്മളെ പുതിയതൊന്ന് പഠിപ്പിക്കുന്നു. പുതിയ സാങ്കേതികവിദ്യകള്‍ കണ്ടുപിടിക്കാന്‍ ഇത് പ്രചോദനം നല്‍കുന്നു. ഇത് ഭാവിയിലേക്കുള്ള വിജയത്തെ നിര്‍ണയിക്കുകയും ചെയ്യുന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്തിമ ഫലം പോലെ പ്രധാനമാണ് അതിനായുള്ള യാത്രയും പരിശ്രമവും. ഐഎസ്ആര്‍ഒ നടത്തിയ ശ്രമവും യാത്രും വിലമതിച്ചതാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. നമ്മള്‍ കഠിനാധ്വാനം ചെയ്തു, വളരെ ദൂരം മുന്നോട്ടുപോയി. ആ പഠിപ്പിക്കലുകള്‍ എല്ലായ്‌പ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കും. ഇന്നത്തെ പാഠങ്ങള്‍ തങ്ങളെ ശക്തരും മികച്ചതുമാക്കിമാറ്റി. ഒരു പുതിയ പ്രഭാതവും തിളക്കുമുള്ള നാളെയും ഉടന്‍ ഉണ്ടാകുമെന്നും മോദി ആശംസിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍