റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതിക്കു കേന്ദ്രസഹായം സജീവ പരിഗണനയിലെന്നു കേന്ദ്രമന്ത്രി

തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ക്കു മിനിമം വില ഉറപ്പാക്കുന്നതിനുള്ള റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതിക്കു കേന്ദ്ര സഹായം വേണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ സംസ്ഥാനത്തെ അറിയിച്ചു. കേരളത്തിന്റെ ആവശ്യം അനുസരിച്ചു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനായി റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് ഓണ്‍ റബര്‍ രൂപീകരിക്കാന്‍ പ്രവര്‍ത്തനം തുടങ്ങിയതായും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി അറിയിച്ചു. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ദേശീയ റബര്‍ നയത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ കണ്ടു മന്ത്രി സുനില്‍കുമാര്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.റബര്‍ ഇറക്കുമതിക്കു കുറഞ്ഞ വില നിശ്ചയിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. റബര്‍ ഷീറ്റ് വില്‍ക്കുന്നതിനു സാധാരണ കര്‍ഷകരെത്തുമ്പോള്‍ ഗുണനിലവാരമില്ലെന്നു പറഞ്ഞു കച്ചവടക്കാര്‍ കബളിപ്പിക്കുന്നതു തടയാന്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗ്രേഡിംഗ് സന്പ്രദായം നടപ്പാക്കും. സ്വാഭാവിക റബര്‍ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണം ഒഴിവാക്കാന്‍ നിര്‍ദേശം ഇല്ലാത്തതിനാല്‍ അതു തുടരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ചിരട്ടപ്പാല്‍ ഇറക്കുമതിക്ക് അനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍