മരട്

ഈ കൊച്ചു കേരളത്തിലെ മരട് എന്ന സ്ഥലത്തെപറ്റി അറിയാത്തവര്‍ ഇന്ന് ഇന്ത്യക്കാരില്‍ ചുരുക്കമായിരിക്കും. എന്നു മാത്രമല്ല മലയാളികള്‍ ഈ ഭൂമുഖത്ത് എവിടെയെല്ലാമുണ്ടോ, അവരിലെ തങ്ങള്‍ക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങള്‍ ശ്രദ്ധിക്കുന്നവരാരെല്ലാമാണോ, അവര്‍ക്കെല്ലാം മരടിനെപറ്റിയും അവിടെ കുടിയിറക്ക് ഭീണിയുടെ നൊമ്പരവുമായി കഴിയുന്ന മുന്നോറോളം സാധാരണ കുടുംബങ്ങളുടെ കണ്ണീരും വേവലാതിയും മനസ്സിലായിട്ടുണ്ടാവും എന്നുറപ്പ്.
വിഷയമിതാണ്. എറണാകുളം ജില്ലയിലെ മരട് നഗരസഭ ഭാ പരിധിക്കുള്ളില്‍ ഒരു കായലോരത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് വ്യത്യസ്ത ബില്‍ഡര്‍മാര്‍ പണിതുയര്‍ത്തുകയും പൊതുജനങ്ങള്‍ക്ക് വില്‍പന നടത്തുകയും ചെയ്ത ഹോളിഡെ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിങ്ങ്, കായലോരം അപാര്‍ട്ട്‌മെന്റ്‌സ,് അല്‍ഫാ വെഞ്ചേര്‍സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ സപ്തംബര്‍ ഇരുപതിനകം പൊളിച്ചുനീക്കണമെന്ന് രാജ്യത്തെ പരമോന്നത കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തവിട്ടിരിക്കുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ വന്ന ഈ വിധി അതിന്റെ ഡെഡ്‌ലൈനിനോടടുത്തിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപ്പാക്കിയിട്ടില്ല. അതിനാല്‍ നിശ്ചിത തിയതിക്കുള്ളില്‍ തന്നെ ഉത്തരവ് നടപ്പാക്കാനും അങ്ങിനെ ചെയ്തില്ലെങ്കില്‍ വീഴ്ചകള്‍ക്കുത്തരം പറയാന്‍ സംസ്ഥാന ചീഫ്‌സെക്രട്ടറി സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാവാനും കൂടി ഇപ്പോള്‍ ബഹുമാനപ്പെട്ട കോടതി ഉത്തരവിട്ടിരിക്കുന്നു. അപ്പോഴും മരട് നഗരസഭക്കാണോ, അതല്ല സര്‍ക്കാറിനാണോ ഇത് പൊളിക്കേണ്ട ഉത്തരവാദിത്ത്വം എന്ന ചോദ്യവും കൂടി ഉയര്‍ന്നിരിക്കുകയാണ്.
ഏതായാലും നഗരസഭ ഈ അപാര്‍ട്ടുമെന്റുകള്‍ ഒഴിഞ്ഞുപോകാന്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു. അവ പൊളിക്കുന്നതിനുള്ള കരാറേറ്റെടുക്കാന്‍ പരസ്യവും നല്‍കിക്കഴിഞ്ഞു. 30 കോടി രൂപവരുമത്രെ അതിന്റെ ഏകദേശ ചിലവ്. പരിസര മലിനീകരണവും പരിസ്ഥിതി ആഘാതവുമില്ലാതെ അപകടരഹിതമായി എങ്ങിനെ ഈ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചടുക്കും എന്നത് കൂടി ഒരു വലിയ വിഷയമാണ്.
അതിലൊക്കെ വലിയ വിഷയം തങ്ങളുടെ ന്യായമായ സമ്പാദ്യങ്ങള്‍ കൊണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് നിയമപരമായി വാങ്ങിച്ച് സ്വന്തമാക്കി, അവിടെ താമസം തുടങ്ങിയ ഫ്‌ളാറ്റുകളുടെയും അവരുടെ കുടുംബങ്ങളുടെയും കാര്യമാണ്. ലിക്വിഡ് ക്യാഷ് എണ്ണികൊടുത്തായിരിക്കില്ല അവരില്‍ ഭൂരിപക്ഷം പേരും ഫ്‌ളാറ്റുകള്‍ വാങ്ങിയത്. സ്വാഭാവികമായും വിവിധ ബേങ്കുകളില്‍ നിന്നുമുള്ള ഹൗസിങ്ങ് ലോണിന്റെ ബലത്തിലായിരിക്കുമെന്നുറപ്പ്. അക്കണക്കിന് അവ പൊളിക്കപ്പെട്ടാല്‍ അവര്‍ക്ക് ഫ്‌ളാറ്റും നഷ്ടപ്പെടും, പിന്നീട് കടം നല്‍കിയ ധനകാര്യ സ്ഥാപനങ്ങള്‍ പിന്നാലെ വരികയും ചെയ്യും. അത് കൊണ്ടൊക്കെത്തന്നെ ഈ മുഴുവന്‍ സമുച്ചയങ്ങളിലെയും ഫ്‌ളാറ്റുകാര്‍ ഒന്നിച്ചു കൂടി ഒരേ ബാനറിന്‍ കീഴില്‍ കുടിയിറക്കിനും പൊളിക്കലിനുമെതിരെ സമരം തുടങ്ങിയിരിക്കുകയാണ്. അവിടെ കിടന്ന് മരിക്കേണ്ടി വന്നാലും വീടുകളൊഴിയുന്ന പ്രശ്‌നമില്ലെന്നാണ് അവര്‍ ആണയിടുന്നത്. ഇന്നാട്ടിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അവരുടെ സമരത്തിന് പിന്തുണ നല്‍കുന്നു. അതിലൊക്കെ തന്നെയാണ് വിരോധാഭാസം. ഈ മുന്നണികളൊക്കെ ഈ ഫ്‌ളാറ്റിന്‍ കൂട്ടങ്ങള്‍ക്ക് അസ്ഥിവാരമിട്ടതു മുതല്‍ ഉയര്‍ന്നു പൊങ്ങി പണിപൂര്‍ത്തിയാവുന്നത് വരെ മരട് നഗരസഭ (മുന്‍ മരട് പഞ്ചായത്ത്) മാറിമാറി ഭരിച്ചവരാണ്. നിര്‍മാണത്തില്‍ നിയമലംഘനമുണ്ടായിരുന്നുവെങ്കില്‍ അന്നവരൊക്കെ കണ്ണടച്ചു. ഒരിക്കല്‍ പേരിന് സ്റ്റോപ്പ് മെമ്മോ കൊടുത്തപ്പോള്‍ ഹൈക്കോടതി അത് റദ്ദാക്കുകയും ചെയ്തു.
നേരെ ചൊവ്വേയോ, അല്ലെങ്കില്‍ വളഞ്ഞ വഴിക്കോ എങ്ങിനെയായാലും ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ബില്‍ഡര്‍മാര്‍ പ്രശ്‌നത്തില്‍ നിന്നും ഇപ്പോള്‍ വൃത്തിയായി കൈകഴുകിയിരിക്കുകയാണ്. തങ്ങള്‍ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നും മരട് പഞ്ചായത്തില്‍ നിന്നും നേരത്തെ ബില്‍ഡിങ്ങ് പെര്‍മിറ്റ് സമ്പാദിച്ച് നിയമാനുസരണം പണി തീര്‍ത്ത് വില്‍പ്പന നടത്തിക്കഴിഞ്ഞ കെട്ടിടങ്ങളിന്മേല്‍ തങ്ങള്‍ക്കിപ്പോള്‍ യാതൊരുത്തരവാദിത്വവുമില്ലെന്നുമാണ് അവര്‍ മരട് നഗരസഭയ്ക്ക് ഇപ്പോള്‍ കൊടുത്തിട്ടുള്ള മറുപടി.
ഏതായാലും ആദ്യന്തമായി കുടുങ്ങിയത് ഫ്‌ളാറ്റുടമകള്‍ തന്നെ. ഇനി സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ട് അവരുടെ പുനരധിവാസത്തിന് പ്ലാന്‍ തയ്യാറാക്കിയാല്‍ തന്നെ അതത്ര എളുപ്പമല്ല. അതിനൊക്കെ വേണ്ടി വരുന്ന കനത്ത ഫണ്ട് തന്നെ പ്രഥമ പ്രശ്‌നം. പൊളിക്കലിനെതിരെ റിട്ട് ഹരജികളും പുനപരിശോധനാ ഹരജികളുമൊക്ക സുപ്രീം കോടതിയിലെത്തിയിട്ടുണ്ടെങ്കിലും അതിലൊക്കെ ഇനിയെന്തു സംഭവിക്കും എന്നത് പ്രവചനാതീതം. ബന്ധപ്പെട്ട ഹരജികളിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നിലപാടും ഇക്കാര്യത്തില്‍ പ്രധാനമായിരിക്കും.
തീരദേശനിയമം ലംഘിച്ചായാലും ഫ്‌ളാറ്റുകളായില്ലെ, ദേശീയ നഷ്ടമുണ്ടാക്കി അവപൊളിക്കണമോ, ഭാവിയില്‍ പരിസ്ഥിതി പ്രശ്‌നമുണ്ടാവാതിരിക്കാനുള്ള സ്ഥിരം സംവിധാനങ്ങളുണ്ടാക്കിയാല്‍ പോരെ, ഫ്‌ളാറ്റുടമകളുടെ നഷ്ടം കടുത്തതല്ലേ. എന്നൊക്കെ ബന്ധപ്പെട്ട നിയമങ്ങളുടെയും കോടതി നടപടികളുടെയും പൊരുളറിയാത്ത സാധാരണക്കാര്‍ ചോദിച്ചേക്കാം. എന്നാല്‍ നിയമം അങ്ങിനെയൊക്കെയാണ് എന്നത് മാത്രമാണ് ആ ചോദ്യത്തിനുള്ള മിതമായ ഉത്തരം. മറ്റൊന്നുകൂടി, ഈ രാഷ്ട്രീയ ഉദ്യോഗസ്ഥ കോര്‍പ്പറേറ്റ് കൂട്ടുകെട്ടുകള്‍ പണ്ടേ ഉള്ളതാണ്. ഇപ്പോഴുമത് തുടരുന്നു. ഇപ്പോഴത്തെ സ്ഥിതി വെച്ച് ഇനിയുമതിങ്ങിനെ പോവും. പക്ഷെ ഇവിടെ മുന്നൂറോളം കുടുംബങ്ങളെ വഴിയാധാരമാക്കിയതിന് ആര് ഉത്തരം പറയും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍