ഓണത്തിനു തമിഴ്‌നാട് പാല്‍ തരില്ല, കൂടിയ വിലയ്ക്ക് കര്‍ണാടകയില്‍നിന്നെത്തിക്കും

തിരുവനന്തപുരം: കേരളത്തിന്റെ ഓണാവശ്യത്തിന് തമിഴ്‌നാട് പാല്‍ തരില്ല. അതിനാല്‍ കൂടിയ വിലയ്ക്ക് കര്‍ണാടകയില്‍നിന്ന് ആറ് ലക്ഷം ലിറ്റര്‍ പാല്‍ എത്തിക്കും. ഓണാവശ്യത്തിനായി സംസ്ഥാനത്തിന് ആറുലക്ഷം ലിറ്റര്‍ പാല്‍ അധികം വേണം. ഓണത്തിന് അധികം പാല്‍ നല്‍കില്ലെന്ന് തമിഴ്‌നാട് അറിയിച്ചു. ഇതേത്തുടര്‍ന്ന് കര്‍ണാടകയിലെ സഹകരണ സംരംഭമായ നന്ദിനിയില്‍നിന്ന് ലിറ്ററിന് രണ്ടു രൂപ കൂടുതല്‍ നല്‍കിയാണ് പാല്‍ വാങ്ങുന്നത്. തമിഴ്‌നാട്ടിലെ പാല്‍ സ്വകാര്യ കമ്പനികള്‍ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. കേരളത്തില്‍ പ്രതിദിന പാല്‍ ഉപയോഗം 12 മുതല്‍ 13 ലക്ഷം ലിറ്ററാണ്. ഓണ ദിവസങ്ങളില്‍ 28 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തില്‍ വില്‍ക്കും.ഒരു ലിറ്റര്‍ പാലിന് തമിഴ് നാട് ആറുരൂപയും കര്‍ണാടകം നാലു രൂപയും രണ്ടാഴ്ച മുമ്പ് വര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് രണ്ടുരൂപ അധികം നല്‍കി 34 രൂപയ്ക്കാണ് ഓണക്കാലത്തേക്ക് മില്‍മ പാല്‍ വാങ്ങുന്നത്. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പാല്‍ ഉത്പാദനത്തില്‍ 65000 ലിറ്ററിന്റെ കുറവുണ്ടായതായി മില്‍മ വിലയിരുത്തുന്നു. കാലിത്തീറ്റ വിലവര്‍ധന മൂലം ആദായകരമല്ലാതായി മാറിയ പശുവളര്‍ത്തലില്‍ നിന്ന് കര്‍ഷകര്‍ കുറച്ചു പിന്നോട്ടുപോയതായും കണക്കുകൂട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍