വിലവര്‍ദ്ധന തടയാന്‍ വിപണി ഇടപെടല്‍ ശക്തമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചുനിറുത്താനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഓണസമൃദ്ധി കാര്‍ഷികവിപണിയുടെ ഉദ്ഘാടനം പാളയം ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 14 ഇനം നിത്യോപയോഗസാധനങ്ങളുടെ വില വര്‍ദ്ധിച്ചിട്ടില്ല. സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്റെ സ്റ്റോറുകളില്‍ വില വര്‍ദ്ധിപ്പിക്കാതെയാണ് ഇവയെല്ലാം വില്‍ക്കുന്നത്. വിപണി ഇടപെടല്‍ കുറെക്കൂടി ഫലപ്രദമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനമുണ്ടാകുന്ന വിപണനസമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരില്‍നിന്നും പൊതുവിപണി വിലയേക്കാള്‍ 10 ശതമാനം അധിക വില നല്‍കി സംഭരിക്കുന്ന ഉത്പന്നങ്ങള്‍ 30 ശതമാനംവരെ വിലക്കുറവിലും നല്ല കാര്‍ഷികമുറ സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട ജി.എ.പി സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും 20 ശതമാനം അധികവില നല്‍കി സംഭരിച്ച് 10 ശതമാനം വില കുറച്ചുമാണ് വില്‍ക്കുന്നത്.
ഭൗമസൂചികാപദവി ലഭിച്ച ചെങ്ങാലിക്കോടന്‍ നേന്ത്രന്‍ കൃഷിമന്ത്രിയും തൃശ്ശൂരിലെ കര്‍ഷകനായ കൃഷ്ണനും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കി.ഓണസമൃദ്ധി 2019 മൊബൈല്‍ ആപ്പിന്റെ പ്രകാശനം മേയര്‍ വി.കെ. പ്രശാന്ത് നിര്‍വഹിച്ചു. കാര്‍ഷികോത്പാദന കമ്മിഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ് പദ്ധതി വിശദീകരണം നടത്തി. ചെങ്ങാലിക്കോടന്‍ കാഴ്ചക്കുലകളുടെ വിപണനോദ്ഘാടനം ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നഗരസഭ നഗരവികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ സ്വാഗതവും ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ. സജീവ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍