സംസ്ഥാനത്ത് വാഹന വേഗത നിശ്ചയിച്ച് കാര്‍ നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്കണമെന്ന് വാഹന ഉടമകള്‍

വടക്കഞ്ചേരി: അത്യാവശ്യങ്ങള്‍ക്ക് പോകുന്നവരെ അമിതവേഗതയുടെ പേരില്‍ പിഴചുമത്തി പീഡിപ്പിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ റോഡുകളില്‍ വാഹനം ഓടിക്കാവുന്ന വേഗത നിശ്ചയിച്ച് അതിന് അനുസൃതമായ കാറുകള്‍ നിര്‍മിക്കാന്‍ കാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്കണമെന്ന് വാഹന ഉടമകള്‍. തൊണ്ണൂറു കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോകാന്‍ കാറുകളില്‍ സംവിധാനം ഉണ്ടെന്നിരിക്കേ ഇങ്ങനെ പോകുന്നവരെ അമിതവേഗതയുടെ പേരില്‍ ശിക്ഷിക്കുന്നത് ശരിയല്ല. ഈ സാഹചര്യത്തില്‍ കാര്‍ കമ്പനികള്‍ക്കെതിരേയാണ് നടപടിയെടുക്കേണ്ടതെന്നാണ് വാഹന ഉടമകളുടെ വാദം. ഇത്തരത്തില്‍ കാറുകള്‍ നിര്‍മിച്ചു കേരളത്തില്‍ വില്പന നടത്തിയാല്‍ വകുപ്പുകള്‍ക്കു പണി കുറയുകയും സാമ്പത്തിക ബാധ്യതയും ഒഴിവാകുയും ചെയ്യും. കൂടാതെ റോഡുകളിലെ കാമറ സ്ഥാപിക്കുന്നതും മറ്റുമുള്ള ചെലവുകള്‍ കുറയ്ക്കാനുമാകും.കേരളത്തിലെ പ്രധാനപാതകളെല്ലാം ഏതുകാലത്തും തകര്‍ന്നുകിടക്കുന്നവയാണ്. കുണ്ടും കുഴിയും താണ്ടി മണിക്കൂറുകള്‍ വാഹനക്കുരുക്കില്‍കിടന്ന് അസ്വസ്ഥരാകുമ്പോള്‍ എവിടെയെങ്കിലും നല്ല റോഡ് കണ്ടാല്‍ അവിടെ വാഹനങ്ങള്‍ വേഗത്തില്‍ പോകുന്നത് സ്വാഭാവികം. എന്നാല്‍ അങ്ങനെ പോകുന്ന വാഹനങ്ങളെല്ലാം അമിതവേഗതയുടെ പേരില്‍ ക്രൂശിക്കുന്നത് ക്രൂരതയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ദേശീയ, സംസ്ഥാനപാതകളില്‍ സ്പീഡ് ലൈന്‍, സ്ലോ ലൈന്‍ എന്നെല്ലാം തരംതിരിക്കുന്നത് എന്തിനാണെന്ന ചോദ്യവും വാഹന ഉടമകള്‍ ഉയര്‍ത്തുന്നു.റോഡുകളെല്ലാം വാഹനഗതാഗതത്തിന് യോഗ്യമാണെന്ന് ഉറപ്പുവരുത്തിവേണം നിയമം നടപ്പിലാക്കാന്‍. കുതിരാന്‍വഴിയുള്ള വടക്കഞ്ചേരിമണ്ണുത്തി ദേശീയപാതയിലൂടെ ഒരുതവണയെങ്കിലും യാത്ര ചെയ്താല്‍ മതി കേരളത്തിലെ റോഡുകളുടെ ഏകദേശം രൂപംകിട്ടും.
അമിതവേഗതയ്ക്ക് എല്ലാ വാഹനങ്ങള്‍ക്കും ഒരേ പിഴതുക ഈടാക്കുന്നതിലും അപാകത ഏറെയാണ്. അമിതവേഗതയുള്ള ബൈക്കുകള്‍ നിര്‍മിച്ച് നിരത്തിലിറക്കി എത്രയോ യുവാക്കള്‍ അപകടത്തില്‍പെട്ട് മരിക്കുന്നു. ഇതെല്ലാം കണ്ടു കണ്ണടയ്ക്കുന്ന സര്‍ക്കാരുകള്‍ യുവാക്കളെ കൂട്ടക്കുരുതി കൊടുക്കുകയാണ്. ആഡംബരത്തിന് അപ്പുറം പലരും കൂടുതല്‍ സിസിയുള്ള വാഹനങ്ങള്‍ വാങ്ങുന്നത് അത്യാവശ്യങ്ങള്‍ക്ക് വേഗത്തിലെത്താനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍