രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടുന്നു: മുഖ്യമന്ത്രി

കണ്ണൂര്‍:സാമ്പത്തികരംഗവും സാധാരണക്കാരുടെ ജീവിതവും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധ മറ്റു വഴിയിലേയ്ക്ക് തിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യം വലിയതിരിച്ചടി നേരിടുന്ന ഘട്ടമാണിത്.വ്യാവസായികരംഗവും വലിയ പിറകോട്ടടിയിലാണ്. ജനജീവിതത്തെ ഇത് വലിയതോതില്‍ പ്രതികൂലമായി ബാധിക്കുകയാണ്. സി. പി. എം എളയാവൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസിനായി മുണ്ടയാട് കുറുവന്‍വൈദ്യര്‍ പീടികയില്‍ നിര്‍മ്മിച്ച ഇ.എം.എസ് മന്ദിരംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയും നഷ്ടപ്പെട്ടാലും സാരമില്ലെന്ന പ്രത്യേക വികാരത്തിലേക്ക് സമൂഹത്തെ എത്തിക്കുകയാണ്. ആളുകളെ ഹരംകൊള്ളിക്കാന്‍ വര്‍ഗീയവികാരമടക്കം അഴിച്ചുവിടുന്നു. അപകടകരവും ഭീതിജനകവുമായ അന്തരീക്ഷമാണിത്.രാജ്യത്ത് ഉയര്‍ന്നുവരുന്ന ഭീഷണിയെ നേരിടാന്‍ തങ്ങളുടെ പാര്‍ട്ടിക്ക് സാധിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസുകാര്‍ ഗൗരവത്തോടെ ചിന്തിക്കണം. ആര്‍.എസ്.എസ്, ബി.ജെ.പി സ്വീകരിക്കുന്ന അതേ നിലപാടാണ് പലകാര്യത്തിലും കോണ്‍ഗ്രസിനും. രാജ്യത്തിന്റെ എല്ലാമൂല്യങ്ങളും തകര്‍ക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുമ്‌ബോള്‍ അതിനോടൊപ്പം ചേര്‍ന്നു നില്‍കുന്ന വലിയൊരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. രാജ്യം ആവശ്യപ്പെടുന്ന പൊതുനിലപാടില്‍ നില്‍കാത്തവരെ ചുമന്ന്‌കൊണ്ട് നടക്കുകയാണ് മുസ്ലിംലീഗ്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയും ഭരണഘടന വാഗ്ദത്തം ചെയ്യുന്ന മതനിരപേക്ഷതയും എത്രകാലമുണ്ടാവുമെന്ന ആശങ്കയിലാണ് രാജ്യമെന്നും പിണറായി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍