സഞ്ചാര സൗകര്യമില്ലാത്ത കുഴികള്‍ നിറഞ്ഞ നാടായി തൃശൂര്‍ മാറി: ജയരാജ് വാര്യര്‍

കൊടകര: സഞ്ചാര സൗകര്യമില്ലാത്ത കുഴികള്‍ നിറഞ്ഞ നാടായി തൃശൂര്‍ മാറിയെന്ന് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍ പറഞ്ഞു. മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം നടപ്പാക്കി വരുന്ന കദളീവനം, ഔഷധവനം, പാവല്‍നാട് പദ്ധതികളിലെ അംഗങ്ങളായ കര്‍ഷകര്‍ ക്കുള്ള ബോണസ് വിതരണചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായി രുന്നു അദ്ദേഹം. മലയാളികളെ ഊട്ടാനും ഉടുപ്പിക്കാനും പൂചൂടിക്കാനും തമിഴ്‌നാട്ടില്‍ നിന്നുള്ള സാധനങ്ങള്‍ കുതിരാന്‍ തുരങ്കം വഴിയെത്തണം. എന്നിട്ടും തുരങ്കത്തിന്റെ പണി തീര്‍ക്കാന്‍ ഇനിയും അധികാരി കള്‍ക്ക് കഴിയുന്നില്ല. നാട് മുഴുവന്‍ ക്വാറികളും റോഡുമുഴുവന്‍ കുഴികളും നിറഞ്ഞ നമ്മുടെ നാട്ടിലേക്ക് എങ്ങിനെ മാവേലി വരും. ബ്രീട്ടീഷ് ഭരണത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനദ്രോഹമാണ് പാലിയേക്കരയിലെ ടോള്‍ പിരിവെന്നും ജയരാജ് വാര്യര്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ് ബോണസ് വിതരണോദ്ഘാടന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.വി.രവി അധ്യക്ഷത വഹിച്ചു. ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ.വി.ഉത്തമന്‍, ഡോ.ഡി.രാമനാഥന്‍, കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ശൈലജ മാധവന്‍ കുട്ടി, ഉഷ, പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.വേണുഗോപാല്‍, കെ.പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍