നമ്പൂതിരിസമുദായത്തിലെ നവോത്ഥാനത്തിന് നിര്‍ണായകമായ പങ്കുവഹിച്ചത് യോഗക്ഷേമസഭ: മന്ത്രി പി.തിലോത്തമന്‍

ആലപ്പുഴ: നമ്പൂതിരിസമുദായത്തിലെ നവോത്ഥാനത്തിന് നിര്‍ണായകമായ പങ്കുവഹിച്ചത് യോഗക്ഷേമസഭയാണെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനം അദ്വൈതം 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.തിലോത്തമന്‍. ശൈശവ വിവാഹം ഉള്‍പ്പെടെയുള്ള സമുദായത്തിലെ ദുരാചരങ്ങള്‍ ഇല്ലാതാക്കി സമുദായ അംഗങ്ങളെ മനുഷ്യരാക്കി തീര്‍ക്കാന്‍ സഭയുടെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു. എതിര്‍പ്പുകള്‍ ഉണ്ടായിട്ടും മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കകാര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയാറായെന്നും തിലോത്തമന്‍ പറഞ്ഞു. പത്തുശതമാനം സംവരണം സംസ്ഥാനത്തെ മുന്നോക്ക സമുദായത്തിലെ പിന്നോക്കകാര്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനം നടത്തിവരുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്നോക്ക സമുദായ സമിതി അംഗം ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ മാനദണ്ഡമാക്കിയാണ് നിലവില്‍ കേന്ദ്രം ഉത്തരവ് ഇറക്കിയത്. ഇളവ് ലഭിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആനുകൂല്യം എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.സഭയുടെ ഉപഹാരം മന്ത്രി പി.തിലോത്തമന് വൈക്കം പി.എന്‍ നമ്പൂതിരി സമ്മാനിച്ചു. മികച്ച് ഉപസഭയ്ക്കുള്ള പുരസ്‌കാരം ചെറുതാകം ഉപസഭയ്ക്ക് മന്ത്രി കൈമാറി. സ്മരണികയുടെ പ്രകാശനം നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് നിര്‍വഹിച്ചു. പോസ്റ്റല്‍ സ്റ്റാമ്പിന്റെ പ്രകാശനം എസ്.ഡി.വിമാനേജ്‌മെന്റ് സെക്രട്ടറി ആര്‍.കൃഷ്ണന് നല്‍കി ഡോ. പ്രദീപ് ജ്യോതി നിര്‍വഹിച്ചു. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍. നമ്പൂതിരി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എ.ബി.സുരേഷ് കുമാര്‍ ഭട്ടതിരിപ്പാട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍