കണ്ണൂരില്‍നിന്ന് കുവൈറ്റിലേക്ക് പ്രതിദിന സര്‍വീസുമായി ഗോ എയര്‍

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കുവൈറ്റിലേക്ക് ഗോ എയര്‍ ഈ മാസം 19 മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഇതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. അബുദാബി, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളി ലേ ക്കുള്ള സര്‍വീസുകള്‍ക്കു പുറമെയാണ് ജിസിസിയിലേക്കുള്ള നാലാമത്തെ സര്‍വീസ് കുവൈറ്റിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ 320 നിയോ വിമാനമാണ്. ദിവസവും രാവിലെ ഏഴിനാണ് കണ്ണൂരില്‍നിന്ന് വിമാനം പുറപ്പെടുക. കുവൈറ്റില്‍നിന്ന് പ്രാദേശിക സമയം 10.30നാണ് വിമാനം പുറപ്പെടുക. കുവൈറ്റ്കണ്ണൂര്‍ റൂട്ടിലെ വിമാന സര്‍വീസുകള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത് തങ്ങളുടെ അന്താരാഷ്ട്ര സര്‍വീസിലെ ഏഴാമത്തെ സ്ഥലവും ഗള്‍ഫ് മേഖലയിലെ നാലാമത്തെ സ്ഥലവുമാണെന്നും ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു. ഗോ എയര്‍ നിലവില്‍ ദിവസവും 300 ലധികം വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും ജൂലൈ മാസം 13.26 ലക്ഷം യാത്രക്കാര്‍ ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്‌കറ്റ്, ദുബായ്, അബുദാബി, കുവൈറ്റ് എന്നിങ്ങനെ ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും അഹമ്മദാബാദ്, ബാഗ്‌ദോഗ്ര, ബംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗോഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലക്‌നോ, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട്ട്‌ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ ആഭ്യന്തര സര്‍വീസുകളും ഗോ എയര്‍ നടത്തിവരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍