ഇന്ത്യയുടെ പുതിയ വ്യോമസേനാ തലവനായി ആര്‍.കെ.എസ് ബദൗരിയ

ന്യൂഡല്‍ഹി:ഇന്ത്യയുടെ പുതിയ വ്യോമസേനാ തലവനായി ആര്‍.കെ.എസ് ബദൗരിയയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വ്യാഴാഴ്ചയാണ് ബദൗരിയയെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ചീഫായി നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ് പുറത്തിറക്കുന്നത്. നിലവില്‍ എയര്‍ ഫോഴ്‌സിന്റെ വൈസ് ചീഫാണ് ബദൗരിയ. ഇപ്പോഴുള്ള വ്യോമസേനാ മേധാവിയായ ബി.എസ്. ദനോവ സെപ്തംബര്‍ 30ന് വിരമിക്കുന്നതോടെ ബദൗരിയ വ്യോമസേനാ തലവനായി ചാര്‍ജ് ഏറ്റെടുക്കും. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയ ശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. 4250 മണിക്കൂറുകള്‍ വിമാനം പറത്തിയിട്ടുള്ള ബദൗരിയയ്ക്ക് പലതരത്തിലുള്ള 26 ഫൈറ്റര്‍ വിമാനങ്ങള്‍ പറത്തിയ മുന്‍പരിചയമുണ്ട്.സതേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്, ട്രെയിനിങ് കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്, എന്നീ നിലകളിലും ബദൗരിയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 36 വര്‍ഷം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിരവധി മെഡലുകളും എയര്‍ മാര്‍ഷല്‍ ബദൗരിയ കരസ്ഥമാക്കിയിരുന്നു. അതി വിശിഷ്ട് സേവാ മെഡല്‍, വായു സേനാ മെഡല്‍, പരം വിശിഷ്ട് സേവാ മെഡല്‍ എന്നിവ അവയില്‍ ചിലത് മാത്രം. ഇന്ത്യന്‍ രാഷ്ട്രപതിയുടെ എയ്ഡ് ഡി കാമ്പ് ആയും ബദൗരിയ ഈ വര്‍ഷം ജനുവരിയില്‍ നിയമിതനായിരുന്നു. ഫ്രാന്‍സുമായുള്ള റാഫേല്‍ വിമാനത്തിന്റെ കരാര്‍ ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ബദൗരിയ ആ വിമാനം പറത്തിയ ഏതാനും വ്യോമസേനാ പൈലറ്റുമാരില്‍ ഒരാളുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍